ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത് – രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരേ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു കൊള്ളയാണ് ഇവിടെ നടക്കുന്നത്. ട്രിവാന്‍ഡ്രം ഡിക്ലറേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതു വലിയ നേട്ടമായി സ്പീക്കര്‍ ഉയര്‍ത്തിക്കാട്ടുന്നു. അത് അയച്ചുകൊടുത്തപ്പോള്‍ ഒമ്പതു നിയമസഭകളില്‍നിന്നു സ്പീക്കള്ക്ക് ക്ഷണവും കിട്ടിയത്രേ. പക്ഷേ, അതിനു ചെലവാക്കേണ്ടിവന്നത് രണ്ടേകാല്‍ കോടി രൂപയാണ്. പ്രളയത്തില്‍ ജനം കഷ്ടപ്പെടുന്പോള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നു. അതിന് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസിനുചേര്‍ന്ന കസേര വേണമെന്നാണു സ്പീക്കര്‍ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ ഇതു പറയുന്നതെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ രമേശ് ചെന്നിത്തല ചോദിച്ചു.