KeralaLatest

രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് രോഗികളെ വലച്ചു. സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ വലച്ചു. അത്യാവശ്യ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് അറിയിച്ചെങ്കിലും രോഗികള്‍ നന്നേ വലഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളിലെ ഒപി നിര്‍ത്തിവച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ഐഎംഎയുടെ നേതൃത്വത്തില്‍ കെജിഎംസിടിഎ അടക്കമുള്ള ഡോക്ടര്‍മാരുടെ വിവിധ സംഘടനകളും ഇന്നലത്തെ സമരത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചെങ്കിലും സ്വകാര്യ ആശുപത്രികളെ സമരം കാര്യമായി ബാധിച്ചില്ല. ഒപി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചു. കൊവിഡ് വ്യാപനത്തിനിടയിലെ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ചികിത്സ കിട്ടാത്ത രോഗികള്‍ പലയിടത്തും ശക്തമായി പ്രതികരിച്ചു. ഇതിനിടെ അലോപ്പതി ഡോക്ടര്‍മാരുടെ സമരം അനാവശ്യമാണെന്ന് ആരോപിച്ച്‌ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇന്നലെ കൂടുതല്‍ സമയം ജോലി ചെയ്ത് ആരോഗ്യസംരക്ഷണ ദിനം ആചരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപിയിലെത്തിയ രോഗികള്‍ ദുരിതത്തിലായി. നിരവധി രോഗികള്‍ ചികിത്സ ലഭ്യമാകാതെ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങിപോകേണ്ടതായി വന്നു. പണിമുടക്ക് അറിയാതെ കിലോമീറ്ററുകള്‍ യാത്രചെയ്ത് എത്തിയ രോഗികളാണ് ചികിത്സ ലഭ്യമാകാതെ മടങ്ങേണ്ടി വന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരെ കാണാന്‍ തീയ്യതി ഉറപ്പിച്ച്‌ അതിരാവിലെ ആശുപത്രികളില്‍ എത്തിയവരും ഡോക്ടര്‍മാരെ കാണാതെ ഇനി എന്ന് സാധിക്കും എന്ന് അറിയാതെ മടങ്ങി.

Related Articles

Back to top button