KeralaLatest

‘കൊവിഡിന്റെ പുതിയ ഘട്ടം’ ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമാണെന്നും വരുന്ന രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡ് എല്ലാം പോയി എന്ന് കരുതാതെ നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏല്‍ക്കലും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിര്‍വഹിക്കണമെന്നും അതിനുശേഷം വലിയ ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരല്‍ ഉണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയം ഉണ്ട്. പലയിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ യോഗങ്ങളും പരിപാടികളും നടത്താന്‍ പാടുളളൂ എന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും വലിയ ആള്‍ക്കൂട്ടങ്ങള്‍ പലയിടത്തും ഉണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മാസ്ക് ധരിച്ചുമാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കണം. അകലം പാലിക്കണം,” മന്ത്രി പറഞ്ഞു.

വളരെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ തോതില്‍ പകരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും രോഗവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യാനുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്രമാതീതമായി കേസുകള്‍ കൂടിയാല്‍ ആശുപത്രികള്‍ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും പറഞ്ഞ മന്ത്രി, തെരഞ്ഞെടുപ്പ് സമയത്ത് പലരും നിര്‍ദേശങ്ങള്‍ മറികടന്നെന്നും കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

.

Related Articles

Back to top button