Latest

ഒരു മോഷ്ടാവിലൂടെ 27 വര്‍ഷമായി കാത്തിരുന്ന കേസില്‍ സത്യം തെളിഞ്ഞു

“Manju”

തിരുവനന്തപുരം: കേരളം 27 വര്‍ഷമായി കാത്തിരുന്ന കേസില്‍ ഒടുവില്‍ നീതി എത്തുമ്പോള്‍ തെളിയുന്നത് സത്യം തെളിയുന്നത് ഒരു മോഷ്ടാവിലൂടെ. 133 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ ഭൂരിഭാഗം പേരും കൂറു മാറിയപ്പോള്‍ 49 പേരെ മാത്രമായിരുന്നു വിസ്തരിക്കാനായത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ടു വൈദികരെ കോണ്‍വെന്റില്‍ കണ്ടു എന്നായിരുന്നു മോഷ്ടാവായ അടയ്ക്കാ രാജുവില്‍ നിന്നും സിബിഐ യ്ക്ക് ലഭിച്ച മൊഴി. കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ വൈദികരെ കണ്ടെന്നായിരുന്നു സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത്. കേസില്‍ കൊലപാതകക്കുറ്റം ഏറ്റെടുക്കാന്‍ തന്നെ അന്വേഷണസംഘം നിര്‍ബ്ബന്ധിച്ചിതയായും പണം നല്‍കാമെന്നും ഭാര്യയ്ക്ക് ജോലി നല്‍കാമെന്നും കുട്ടികളെ പഠിപ്പിക്കാന്‍ വാഗ്ദാനം നല്‍കിയതായുമെല്ലാം ഇയാള്‍ 27 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഒരു വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസും നേരത്തേ കേസില്‍ നിന്നും ഒഴിവാക്കിയ ഫാ. പുതൃക്കയിലിനെതിരേയും മൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോണ്‍വെന്റി മുന്‍ വശത്ത് സ്‌കൂട്ടര്‍ വച്ചിട്ട് കോണ്‍വെന്റു മതില്‍ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലര്‍ച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്നായിരുന്നു മൊഴി. വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതില്‍ ചാടി കോണ്‍വെന്റിന്റെ കിണറ്റിന്റെ സൈഡിലേക്ക് പോയത് കണ്ടെന്നും പറഞ്ഞു. എന്നാല്‍ സിബിഐക്ക് 2008 നവംബര്‍ 27 ന് നല്‍കിയ മൊഴിയില്‍ അഭയ മരിച്ച ദിവസം എന്ന തീയതി സിബിഐ രേഖപ്പെടുത്തിയിരുന്നില്ല. മൊഴിയില്‍ തീയതി പറഞ്ഞിട്ടില്ല എന്ന ആനുകൂല്യം ഫാ. പുതൃക്കയിലിനെ സിബിഐ കോടതി വെറുതേ വിടാന്‍ കാരണമായി. കോട്ടയം പാറംപുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാന്‍ ചെല്ലമ്മ ദാസ് അഞ്ചു വര്‍ഷം മുമ്പു മരിച്ചു പോയതിനാല്‍ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ദൃക്‌സാക്ഷിയായ പ്രധാന സാക്ഷിയെ വിസ്തരിക്കാന്‍ കഴിയാതെ പോയി.

സിസ്റ്റര്‍ അഭയകേസില്‍ നിര്‍ണ്ണായകമായ മൊഴി നല്‍കിയവരില്‍ അഭയയുടെ അദ്ധ്യാപികയായ ത്രേസ്യാമ്മയുമുണ്ട്്. പ്രിയപ്പെട്ട ശിഷ്യ മരണമടഞ്ഞത് അറിഞ്ഞ് കോണ്‍വെന്റില്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ടീച്ചറുമുണ്ടായിരുന്നു. ഈ സമയത്ത് ഫാ. ജോസ് പുതൃക്കയിലും ഇതേസമയം കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായി ഇവര്‍ മൊഴി നല്‍കി. കേസില്‍ ഉണ്ടായിരുന്ന 133 സാക്ഷികളില്‍ ഭൂരിഭാഗം പേരും ഇതിനിടയില്‍ മൊഴി മാറ്റിയപ്പോള്‍ ത്രേസ്യാമ്മ സഹപ്രവര്‍ത്തകര്‍ കൂടിയായ പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഉറച്ചു നിന്നു. അഭയയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും ഇവര്‍ പറഞ്ഞിരുന്നു. കേസില്‍ അനേകം സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 പേരെ മാത്രമാണ് വിസ്തരിക്കാനായത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കേസില്‍ നിര്‍ണ്ണായകമായി. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അഗസ്റ്റിനെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 1995 വരെ മരണം കൊലപാതകമാണെന്ന് സിബിഐ യും സമ്മതിച്ചിരുന്നില്ല. എന്നാല്‍ 1995 ഏപ്രില്‍ 25 ന് നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണ് സിബിഐ ഇത് അംഗീകരിച്ചത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിലെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.

Related Articles

Back to top button