IndiaKeralaLatest

മൻ കി ബാതിന്റെ സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ

“Manju”

ഡല്‍ഹി :പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന അതേസമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു. അതേസമയം, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണിയെത്തിയ സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. പഞ്ചാബിൽ ബിജെപി നേതാക്കളെ ഉപരോധിക്കുന്നത് ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കർഷകരുടെ അവസ്ഥയിൽ മനം നൊന്തെന്ന് ചൂണ്ടിക്കാട്ടി തിക്രിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്തു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു തുടങ്ങിയ ഉടൻ തെരുവുകളിൽ കർഷകർ പാത്രം കൊട്ടിത്തുടങ്ങുകയായിരുന്നു. ഡൽഹി അതിർത്തിയിലെ സിംഗു, തിക്രി അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ നൂറ്‍ കണക്കിന് കർഷകർ പാത്രം കൊട്ടി പ്രതിഷേധം രേഖപ്പെടുത്തി. കരിനിയമങ്ങൾ പിൻവലിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

തിക്രിയിലെ പ്രക്ഷോഭകേന്ദ്രത്തിന് സമീപം അഭിഭാഷകനും പഞ്ചാബ് ജലാലാബാദ് സ്വദേശിയുമായ അമർജീത് സിംഗ് ആത്മഹത്യ ചെയ്തു. കർഷക മരണങ്ങൾ തുടരുകയാണ്. ഇന്നലെ രണ്ട് കർഷകർ കൂടി മരിച്ചതോടെ ആകെ മരണം 41 ആയി. സിംഗു, തിക്രി അതിർത്തികളിൽ തങ്ങളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ കർഷക സംഘടനകൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, കാർഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മൻ കി ബാത് നടത്തിയത്. സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകൾ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. 2020 ൽ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button