KeralaKollamLatest

കൊല്ലത്തിന്റെ വാതുക്കലിൽ ബി.ജെ.പി

“Manju”

മഹേഷ് കൊല്ലം

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി ഒരു പഞ്ചായത്തിന്റെ ഭരണം ബി.ജെ.പിക്ക്.  ജില്ലയുടെ പ്രവേശനകവാടത്തിൽ തന്നെയുള്ള കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഭരണമാണ് ബി.ജെ.പിക്ക് ലഭിച്ചത്. പഞ്ചായത്തിലെ 23 വാർഡുകളിൽ 9 സീറ്റുകൾ നേടി ബി. ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യു. ഡി. എഫിന് 8 ഉം എൽ.ഡി.എഫിന് 6ഉം സീറ്റുകളാണ് ലഭിച്ചത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇന്ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു. ഡി. എഫും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. മുൻപ് പഞ്ചായത്ത് ഭരിച്ചിരുന്ന എൽ. ഡി.എഫ് മൂന്നാമതായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പിയും യു. ഡി.എഫും തമ്മിൽ നടത്തിയ വോട്ടെടുപ്പിൽ ബി.ജെ.പിക്ക് ഒൻപത് വോട്ടുകൾ ലഭിച്ചു. ഇതോടെ കൊല്ലം ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി നാലാം വാർഡിൽ (വട്ടക്കുഴിക്കൽ ) നിന്നു വിജയിച്ച സുദീപ ചുമതലയേറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മേവനക്കോണം വാർഡിൽ നിന്നു വിജയിച്ച എസ്.സത്യപാലൻ തെരഞ്ഞെടുക്കപ്പെട്ടു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ മുൻഭരണ സമിതിയിൽ ബി.ജി.പിക്ക് ഒരംഗം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നിൽ നിന്നും ഒൻപതിലേക്കുള്ള കുതിപ്പ് ബി. ജെ. പി ക്ക് അഭിമാനനേട്ടമാണ് നൽകിയത്. മുൻ ഭരണസമിതിയിലെ ഏക അംഗമായിരുന്ന രോഹിണി. എസ്. ആർ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ മീനമ്പലം ഡിവിഷനിൽ വിജയിച്ചതും പാർട്ടിക്ക് വലിയ നേട്ടമായി.

Related Articles

Back to top button