KeralaLatest

മൗലീകമായ രചനാ ശൈലികൊണ്ടും ആലാപന രീതികൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരനായിരുന്നു അനില്‍ പനച്ചൂരാനെന്ന് കെ.സി. വേണുഗോപാല്‍

“Manju”

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മൗലീകമായ രചനാ ശൈലികൊണ്ടും ആലാപന രീതികൊണ്ടും മലയാള കാവ്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ ഒരു കലാകാരനാണ് അകാലത്തിൽ വിടവാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
വലയിൽ വീണ കിളികൾ തുടങ്ങി കേരളം നെഞ്ചേറ്റിയ ഒട്ടനവധി കവിതകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും മലയാള കാവ്യരംഗത്ത് അനിൽ പനച്ചൂരാനെന്ന കവി ചുരുങ്ങിയ കാലംകൊണ്ടാണ് തന്റേതായ ഒരിടം നേടിയത്.
ജനകീയമായ രചനാ ശൈലികൊണ്ട് എന്നും വത്യസ്‍തമായിരുന്നു അദ്ദേഹത്തിൻറെ കവിതകളും ഗാനങ്ങളും. സന്യാസിയായും അഭിഭാഷകനായും സാംസ്‌കാരിക പ്രവർത്തകനായുമൊക്കെ അനിലിനെ നമ്മൾ കണ്ടു.
ഇടയ്ക്കിടയ്ക്ക് ഫോൺവിളികളിലൂടെ പരിചയം പുതുക്കിയിരുന്ന പ്രിയപ്പെട്ട ഒരു സ്നേഹിതനാണ് അപ്രതീക്ഷിതമായി വിട്ടുപോയിരിക്കുന്നത്. ഈ ഫോൺ വിളികളിലും മണ്ഡലത്തിലെ പരിപാടികൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടുമ്പോഴുമൊക്കെ അനിലിന്റെ രണ്ടു വരി കവിതയോ സിനിമാ ഗാനമോ പാടിത്തരുമായിരുന്നു. അദ്ദേഹത്തിനൊപ്പം മൂളിപ്പാട്ടുമായി പലപ്പോഴും താനും ചേരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരമായി ബന്ധപ്പെട്ടിരുന്നില്ലെങ്കിലും വളരെ ഊഷ്മളമായ വ്യക്തി ബന്ധം എന്നും സൂക്ഷിച്ചിരുന്നു. എം. പിയെന്ന നിലയിൽ കായംകുളത്തും കരുനാഗപ്പള്ളിയിലുമൊക്കെ മുൻകൈയെടുത്തു സംഘടിപ്പിച്ച പല പരിപാടികളിലും അനിലിന്റെ സജീവമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് ഇവിടെ പ്രത്യേകം സ്മരിക്കുന്നു.
ഇനിയും ഒട്ടേറെ കാലം മലയാളക്കരയെ തന്റെ കാവ്യ ജീവിതംകൊണ്ട് സമ്പന്നമാക്കേണ്ടിയിരുന്ന അനിലിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും ആരാധകരുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button