KeralaLatest

‘ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ…’;അനിൽ പനച്ചൂരാന് വിട

“Manju”

ആലാപന ശൈലികൊണ്ട് മലയാളി ഹൃദയം കീഴടക്കിയ കവി അനിൽ പനച്ചൂരാൻ. പ്രണയത്തിന്റെ ആർദ്രതയും വിപ്ലവത്തിന്റെ തീഷ്ണതയും വിരഹത്തിന്റെ നൊമ്പരവും പാടിപ്പൊലിപ്പിച്ച അനിൽ പനച്ചൂരാന് സാഹിത്യ കേരളത്തിന്റെ ആദരാജ്ഞലികൾ.

ഓണാട്ടുകരയുടെ ഓള ഭംഗിയും തനത് നാടൻ ശൈലികളും കൊണ്ട് മലയാളിയുടെ കാവ്യ സങ്കൽപങ്ങളെ മാറ്റിമറിച്ച കവിതളായിരുന്നു അനിൽ പനച്ചൂരാന്റേത്. സംഗീതവും സാഹിത്യവും തമ്മിൽ ഇഴുകി ചേർന്ന് നിൽക്കുന്നവയെന്ന് പറയാൻ കഴിയുന്ന ഒരുപിടി കവിതകൾ അനിൽ പനച്ചൂരാൻ എന്ന കവി മലയാളിയ്ക്ക് സമ്മാനിച്ചു. കാവ്യ ഭാഷയുടെ ചട്ടക്കൂടുകളെ മാറ്റി നിർത്തി ലളിതമായ കാവ്യബിംബം മലയാളി മനസിൽ കോറിയിടാൻ ചുരുങ്ങിയകാലംകൊണ്ട് തന്നെ അനിൽ പനച്ചൂരാന് കഴിഞ്ഞു. സമര വേദികളിലും പോരാട്ട പ്രസ്ഥാനങ്ങളിലും അനിൽ പനച്ചൂരാൻ കവിതകൾ മുഴങ്ങികേട്ടു.

‘പാട്ടില്ലാത്ത പാണ്ഡിത്യത്തെ കവിതയെന്നു വിളിക്കരുത്. സുഖമായാലും ദുഖമായാലും അഗാധമായി അനുഭവിക്കുക എന്നതാണ് എനിക്കു കവിധർമ്മം. തീവ്രത വാക്കിലും അഗാധത സംഗീതത്തിലും മുഴങ്ങുമ്പോഴെ എനിക്ക് കവിത പൂർണ്ണമാവുകയുള്ളൂ’. എന്നദ്ദേഹം ഒരിക്കൽ പറഞ്ഞു. അത് അങ്ങനെ തന്നെ നിലനിർത്താനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു.

സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ചടുലവും ലളിതവുമായി അദ്ദേഹം വരച്ചുകാട്ടിയതിന് ഉദാഹരണങ്ങളായിരുന്നു അനാഥനും രക്ത സാക്ഷികളും വലയിൽ വീണ കിളികളുമൊക്കെ..

കാൽപനിക കവിയുടെയും ആധുനിക കവിയുടെയും സ്വഭാവ സവിശേഷതകൾ അനിൽ പനച്ചൂരാൻ കവിതകളിൽ നിർലീനമായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കണം അലങ്കാരങ്ങളെ കുറച്ചും ബിംബാത്മകതയെ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുമുള്ള കവിതകളെ മലയാളികൾ ഇത്രമേൽ ചെഞ്ചോട് ചേർത്തുവച്ചത്. എഴുത്തിൽ ആധുനികതയും കാൽപനികതയും ഒരുപോലെ നിലനിർത്തിയതുകൊണ്ടു തന്നെ സൗന്ദര്യാത്മക വ്യാഖ്യാനങ്ങളിലൂടെ പുരാണ കഥകളെ പുനസൃഷ്ടിക്കാനും അനിൽ പനച്ചൂരാന് കഴിഞ്ഞു. ഇതിനുദാഹരണങ്ങളാണ് കർണ്ണൻ, യയാതി, പാർവ്വതി, മഹാപ്രസ്ഥാനം, അശ്വത്ഥാമാവ് തുടങ്ങിയ കവിതകൾ. എഴുപത്തിയഞ്ചോളം കവിതകളും നൂറ്റിയൻപതോളം ചലച്ചിത്രഗാനങ്ങളും അനിൽ പനച്ചൂരാന്റെ തൂലികതുമ്പിൽ നിന്ന് പിറവിയെടുത്തു.

ഒടുവിൽ കനവിൽ ഓമനിക്കാൻ ഒരുപിടി കവിതൾ ബാക്കിയാക്കി അനിൽ പനച്ചൂരാൻ മടങ്ങുമ്പോൾ, നിസ്വാർത്ഥമായ എഴുത്തിലൂടെ അദ്ദേഹം മലയാളിയ്ക്ക് സമ്മാനിച്ച അനശ്വര കവിതകളുടെ ദർശനങ്ങളെ ഓർത്തെടുക്കാം…

Related Articles

Back to top button