IndiaLatest

നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ആര്‍ക്കൊക്കെ ഇളവുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് രണ്ട് തവണ ലോക്ക് ഡൗണ്‍ നീട്ടി. ഇനി നാലാംഘട്ട ലോക്ക് ഡൗണിലേക്ക് കടക്കാന്‍ രണ്ട് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നാലാംഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട ഇളവകുളും മാര്‍ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച് അന്തിമരൂപം തയ്യറാവുന്നു.
മേയ് 18ന് മുമ്പ് പ്രധാനമന്ത്രിനരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നാലാം ഘട്ടലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചത്തേക്ക് നീട്ടാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാരുമായുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. വിശദാംശങ്ങളിലേക്ക്..
മെയ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്ന നാലാം ഘട്ടലോക്ക് ഡൗണില്‍ ധാരാളം ഇളവുകള്‍ ഉണ്ടായിരിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഗ്രീന്‍ സോണ്‍ മേഖലകളില്‍ സമ്പൂര്‍ണ തുറന്നുപ്രവര്‍ത്തിക്കല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓറഞ്ച് സോണുകളില്‍ ഭാഗികമായ തുറന്നുപ്രവര്‍ത്തികലുണ്ടാകും. എന്നാല്‍ വൈറസ് വ്യാപിക്കുന്ന റെഡ് സോണ്‍ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് റിപ്പോര്‍ട്ടുണ്ട്.
സ്‌കൂളുകളും കോളേജുകളും നാലാം ഘട്ട ലോക്ക് ഡൗണില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും യാതൊരുവിധ ഇളവുകളും ലഭിച്ചേക്കില്ല. മാളുകളിലും സിനിമ തീയേറ്ററുകളിലും ഇതേ സ്ഥിതി തുടരും. എന്നാല്‍ സാലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഒപ്റ്റിക്കല്‍ ഷോപ്പുകള്‍ എന്നിവ റെഡ് സോണിലും തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കര്‍ശന സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച ശേഷം മാത്രമേ ഇവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.

ലോക്ക് ഡൗണ്‍ നീട്ടല്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തി വീഡിയോ കൂടിക്കാഴ്ചയില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, അസാം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു. മിസോറാം സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയിരുന്നു. ബീഹാര്‍ സര്‍ക്കാരും ഇതേ ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. സമ്പൂര്‍ണ അടച്ചിടല്‍ പിന്‍വലിക്കണമെന്ന് ഒരു സംസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കാന്‍ മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.

ഗതാഗതം റെയില്‍വെയുടെയും എയര്‍ലൈന്‍ കമ്പനിയുടെ ആവശ്യപ്രകാരം ട്രെയിന്‍ സര്‍വീസും ആഭ്യന്തര വിമാനസര്‍വീസും അടുത്ത ആഴ്ച ആരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനെ പൂര്‍ണമായും എതിര്‍ത്തു. മേയ് അവസാനം വരെ സര്‍വീസുകള്‍ പുനരാരംഭിക്കരുതെന്നാണ് ഈ സംസ്ഥാനങ്ങള്‍ പറയുന്നത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യോമ-ട്രെയിന്‍ ഗതാഗത സര്‍വീസുകള്‍ മേയ് 31 വരെയെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള യാതൊരുവിധ നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

മാര്‍ക്കറ്റുകള്‍ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തില്‍ റെഡ്, ഓറഞ്ച് സോണുകളില്‍ മാര്‍ക്കറ്റുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. ആവശ്യസാധനങ്ങള്‍ തുറക്കാന്‍ ദില്ലി സ്വീകരിച്ച മാതൃക ചിലപ്പോള്‍ പ്രയോഗത്തില്‍ വരുത്തിയേക്കും. രോഗം വ്യാപനം കൂടുതലായ മേഖലകളില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് നിയോഗിച്ചേക്കാം. മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ ഈ മാര്‍ഗമായിരുന്നു സ്വീകരിച്ചത്. നിലവില്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യുന്നുണ്ട്. അത് വീണ്ടും തുടരും. നിരവധി സംസ്ഥാനങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്.

ജോലി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിരവധി പേരാണ് ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലിരിക്കുന്നത്. ഈ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ അവരുടെ കുടുംബത്തെ സംബന്ധിച്ച് വലിയ വിപത്തിലേക്കായിരിക്കും ചെന്നെത്തിക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ഈ സാഹചര്യം തുടര്‍ന്നാല്‍ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക പ്രവര്‍ത്തനവും വളരെ പ്രധാനപ്പെട്ടതാണ്. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ക്ക് ഇനി വീട്ടില്‍ ഇരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button