India

‘ഫൗജി’ ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ.

“Manju”

ന്യൂഡൽഹി: പബ്ജിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ അവരുടെ എതിരാളിയായ ഫൗജി ഗെയിമിന്റെ ലോഞ്ച് ഡേറ്റ് പുറത്തുവിട്ടു. റിപ്പബ്ലിക്ക് ദിനത്തിൽ ഫൗജി ഗെയിം മൊബൈലുകളിൽ ലഭ്യമാകും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. എൻകോർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഗെയിമിന്റെ തീം സോംഗും ഇതിനൊപ്പം എൻകോർ ഗെയിംസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വീഡിയോയിൽ ചൈനീസ് പട്ടാളത്തെ തുരത്തിയോടിക്കുന്ന ഇന്ത്യൻ സൈന്യമാണുള്ളത്. എൻകോർ ഗെയിംസ് പുറത്ത് വിട്ട ടീസർ അനുസരിച്ച് ഇന്ത്യ- ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനമാണ് ഫൗജി ഗെയിമിന്റെ ഇതിവൃത്തമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീര ജവാന്മാർക്കായി പ്രവർത്തിക്കുന്ന ഭാരത് കെ വീർ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് നൽകുമെന്നും ഫൗജിയുടെ സ്ഥാപകർ അറിയിച്ചു.

ഒക്ടോബർ അവസാനത്തോടെ ഫൗജി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ തീരുമാനം വൈകുകയായിരുന്നു. ഷൂട്ടിംഗ് ഗെയിമായ ഫൗജി ആദ്യ ലെവലിൽ ഗൽവാൻ താഴ്‌വരയായിരിക്കും പശ്ചാത്തലം എന്നും റിപ്പോർട്ടുണ്ട്.

സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെൻസെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്. തുടർന്ന് ആ മാസം തന്നെ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ഫൗജി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Back to top button