IndiaLatest

ഒരു ആഴ്ചയ്ക്കുള്ളിൽ 12 വയസുകാരിക്ക് രണ്ടു വിവാഹം

“Manju”

 

ജാർഖണ്ഡ്: പന്ത്രണ്ടു വയസുകാരിയെ രണ്ടാം വിവാഹത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും. ജാർഖണ്ഡിലെ രാംഘഡ് ജില്ലയിലാണ് സംഭവം. ഇവരുടെ ഇടപെടൽ മൂലം 17 വയസുകാരനുമായുള്ള 12 വയസുകാരിയുടെ വിവാഹത്തിന് തടയിടാൻ പറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി വിവാഹിതയാകുന്നത്.
ഈ ആഴ്ച ആദ്യം പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. അവിടെ വച്ച് അമ്മാവൻ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമൂഹത്തിൽ ഉണ്ടാകുന്ന അപമാനം സഹിക്കാൻ കഴിയാതെ ഗിരിധ് ജില്ലയിൽ നിന്നുള്ള 17കാരനുമായി പെൺകുട്ടിയുടെ വിവാഹം പെട്ടെന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹം നടന്നതെന്ന് പെൺകുട്ടി പിന്നീട് പറഞ്ഞു. തന്റെ അച്ഛൻ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും വരനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നാലാം ക്ലാസിലാണ് താൻ പഠിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.
അതേസമയം, തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തന്റെ അളിയൻ ആണ് തന്നെ ഇവിടെ എത്തിച്ചതെന്നും ആൺകുട്ടി പറഞ്ഞു. വിവാഹിതനായാൽ തന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുമെന്ന് തന്നോട് പറഞ്ഞതായും ആൺകുട്ടി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി വിവാഹിതയാകാൻ പോകുന്ന വിവരം അറിഞ്ഞപ്പോൾ അക്കാര്യം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് മുന്ന പാണ്ഡെ പറഞ്ഞു.
തുടർന്ന് പൊലീസും കമ്മിറ്റിയും സംഭവസ്ഥലത്തേക്ക് എത്തുകയും പെൺകുട്ടിയെ വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.

Related Articles

Check Also
Close
Back to top button