KeralaLatest

നേമത്ത് ഒ. രാജഗോപാലിന് പകരക്കാരനായി കുമ്മനം മത്സരിച്ചേക്കും

“Manju”

നേമം; സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ. രാജഗോപാലിന് പകരക്കാരനായി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന. നിലവിലെ എംഎല്‍എ ആയ ഒ. രാജഗോപാലിന് 91 വയസായതിനാല്‍ പ്രായാധിക്യം പരിഗണിച്ച്‌ പുതിയ ആളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ഈ സ്ഥാനത്തേക്കാണ് 68- കാരനായ കുമ്മനത്തിനെ ആര്‍എസ്‌എസ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുമ്മനത്തിനെ നിയമസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആര്‍.എസ്.എസ്സാണ് സജീവമായി നടത്തുന്നത്‌. ഇതിന്റെ ഭാഗമായി കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്ക് എടുത്തു. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നേതൃത്വം കുമ്മനത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍.
ബിജെപിയുടെ സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ എംഎല്‍എ ആണ് ഒ. രാജഗോപാല്‍. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെയാണ് രാജഗോപാല്‍ നിയമസഭയിലെക്കെത്തിയത്. സിപിഎമ്മിലെ വി. ശിവന്‍കുട്ടിയെ ആണ് രാജഗോപാല്‍ പരാജയപ്പെടുത്തിയത്. മത്സരിക്കാനുള്ള വിമുഖത മുമ്ബ് ഒ. രാജഗോപാല്‍ അറിയിച്ചിരുന്നതിനാല്‍ നേമത്ത് പുതിയ ആളെ മത്സരിപ്പിക്കുമെന്നത് ഏറക്കുറെ ഉറപ്പായിരുന്നു.
അതേസമയം കുമ്മനം നേമത്ത് മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം മനസ് തുറന്നിട്ടില്ല. സംസ്ഥാനത്ത് 10 സീറ്റുകളില്‍ ബിജെപിക്ക് വിജയ സാദ്ധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തരത്തില്‍ സാദ്ധ്യതയുള്ള 40 സീറ്റുകളുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് ആര്‍എസ്‌എസ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം കഴിഞ്ഞതവണ കുമ്മനം മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് തന്നെ ബിജെപി ഏറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍കാവ്. ഇവിടെ കഴിഞ്ഞ തവണ ശക്തമായ മത്സരമാണ് ബിജെപി നടത്തിയത്. കുമ്മനം ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Related Articles

Back to top button