KeralaLatest

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കെ കെ രമ

“Manju”

കോഴിക്കോട് : ഇടതുപക്ഷത്തിന്റെ കോട്ടയായ വടകര നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുന്നു. ആര്‍എംപി നേതാവായ കെ കെ രമയ്ക്ക് യുഡിഎഫ് പിന്തുണ കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍എംപിക്ക് കാര്യമായ വോട്ടുകളുള്ള മണ്ഡലമാണ് വടകര. ഇവിടെ യുഡിഎഫുമായി ചേര്‍ന്നു മത്സരിക്കുകയാണെങ്കില്‍ ജയം ഏറെക്കുറെ ഉറപ്പിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20,000ത്തില്‍ അധികം ഭൂരിപക്ഷം മണ്ഡലത്തില്‍ നേടാന്‍ കെ മുരളീധരന് കഴിഞ്ഞിരുന്നു.
1977 മുതല്‍ ജനതാദള്‍ ആണ് ഈ സീറ്റില്‍ മത്സരിച്ച്‌ ജയിക്കുന്നത്. നിലവിലെ എംഎല്‍എയായ സി കെ നാണു 9511 വോട്ടുകള്‍ക്ക് 2016ല്‍ ജയം നേടി. അന്ന് 20504 വോട്ടുകള്‍ കെ കെ രമ നേടിയിരുന്നു. രമ യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ അനായാസ വിജയം നേടാമെന്നാണ് പ്രതീക്ഷ. ആര്‍എംപിയുടെ മറ്റു ശക്തി കേന്ദ്രങ്ങളില്‍ യുഡിഎഫിന് പിന്തുണ കൊടുക്കുക കൂടി ചെയ്താല്‍ കോഴിക്കോട് കഴിഞ്ഞ തവണത്തെ 11 സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞേക്കില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി യുഡിഎഫുമായി പല വാര്‍ഡുകളിലും നീക്കുപോക്ക് നടത്തിയിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചേക്കും. രമ വടകരയില്‍ ജയിക്കുകയും യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്താല്‍ മന്ത്രിസ്ഥാനവും ഏറെക്കുറെ ഉറപ്പാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. സിപിഎം കോട്ടയായ കൂത്തുപറമ്ബിലും പി ജയരാജന് ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനായതാണ് എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്നത്. കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്ബ്ര മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ നിലപാട് നിര്‍ണായകമായിരിക്കും. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ യുഡിഎഫ് അട്ടിമറി ജയം നേടിയത് ആര്‍എംപിയുടെ പിന്തുണകൊണ്ടുകൂടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച്‌ മത്സരിക്കുകയും രണ്ടോ മൂന്നോ സീറ്റുകളില്‍ നിര്‍ണായകമാകാന്‍ കഴിയുകയും ചെയ്താല്‍ ആര്‍എംപിക്ക് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കാം.

Related Articles

Back to top button