InternationalLatest

സൗദി വനിതകൾക്ക് ജോലിസ്ഥലത്തേക്ക് പോകാനും സര്‍ക്കാര്‍ സഹായം

“Manju”

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകള്‍ക്ക് ജോലിസ്ഥലത്തേക്കു പോകാനും തിരിച്ചുവരാനുമുള്ള ഗതാഗത സഹായ പദ്ധതിക്ക് വന്‍ പ്രതികരണം. രണ്ടു മാസത്തിനിടെ 10,000 ലേറെ സൗദി വനിതകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവശേഷി വികസന നിധി അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാരികള്‍ക്ക് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത ചെലവിന്റെ 80 ശതമാനം വഹിക്കുന്നതാണ് പദ്ധതി മാനവശേഷി വികസന മന്ത്രാലയമാണ് ഇത് വഹിക്കുക.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് അനുയോജ്യവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കാനും തൊഴില്‍ വിപണിയിലെ വനിതാ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ‘വുസൂല്‍’ എന്ന് പേരിട്ട പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കുന്നത്. ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുമായി സഹകരിച്ചാണ് പദ്ധതി നിര്‍വഹണം. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രതിമാസ ഗതാഗത സഹായം 800 റിയാലില്‍നിന്ന് 1100 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 6,000 റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സൗദി വനിതകള്‍ക്കാണ് ഗതാഗത ധനസഹായമായി പരമാവധി 1100 റിയാല്‍ വരെ ലഭിക്കുക. 6001 റിയാല്‍ മുതല്‍ 8000 റിയാല്‍ വരെ വേതനം ലഭിക്കുന്നവര്‍ക്ക് ഗതാഗത സഹായമായി പരമാവധി 800 റിയാലാണ് ലഭിക്കുക. പദ്ധതി കാലാവധി 12 മാസത്തില്‍ നിന്ന് 24 മാസമായി ഉയര്‍ത്തിയിട്ടുമുണ്ട്.
സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സംവിധാനത്തിന്റെ അഭാവം സ്വകാര്യ മേഖലയിലെ ജോലി സ്വീകരിക്കാന്‍ സൗദി വനിതകള്‍ക്ക് പ്രതിബന്ധമായി മാറുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ‘വുസൂല്‍’ പദ്ധതി നടപ്പാക്കുന്നത്‌

Related Articles

Back to top button