KeralaLatest

ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഒഴിവാക്കി

“Manju”

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാദ്ധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.
ഓണക്കിറ്റിന് ആകെ ചെലവ് 592 കോടിരൂപയാണ്. ക്രീം ബിസ്‌കറ്റ് ഒഴിവാക്കുന്നത് വഴി ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുകയെന്ന് ഉറപ്പായി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഒരു മാസത്തോളം നീളുന്ന വിതരണ പ്രക്രിയക്ക് ഇടയില്‍ ചോക്ലേറ്റ് അലിഞ്ഞുപോകുമെന്നതിനാല്‍ ഇത് പിന്നീട് ക്രീം ബിസ്‌കറ്റ് ആക്കുകയായിരുന്നു. മുന്‍നിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്.

Related Articles

Back to top button