Kerala

മദ്യവിലയിൽ ഏഴ് ശതമാനം വർധനവ് അനുവദിച്ചു

“Manju”

ബിയറിനും വൈനും വില വർധനയില്ല; പുതുക്കിയ വില ഫെബ്രുവരി ഒന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിലയിൽ 7 ശതമാനം വർധനവ് അനുവദിച്ചു. നിലവിൽ ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാന വിലയിൽ 7 ശതമാനം വർധനവാണ് അനുവദിച്ചിരിക്കുന്നത്. ബിയറിനും വൈനും വില കൂടില്ല. രണ്ടു ദിവസത്തിനുള്ളിൽ സമ്മതപത്രം നൽകണമെന്നാവശ്യപ്പെട്ട് വിതരണ കമ്പനികൾക്ക് ബെവ്‌കോ കത്തയച്ചു.

മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കൊറോണ കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

ഈ വർഷം ടെണ്ടർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ 5 ശതമാനം കുറച്ച് കരാർ നൽകും. പോയ വർഷത്തിന്റെ നിരക്കിൽ തന്നെ ബെവ്‌കോയ്ക്ക് വിതരണം ചെയ്യും. മദ്യത്തിന്റെ ചില്ലറ വിൽപ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തും.

നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്‌ട്രോംഗ്, പ്രീമിയം, ഡീലക്സ് എന്ന് പേര് ചേർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല. ബെവ്‌കോയുടെ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ള വിതരണക്കാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് തീരുമാനം ബെവ്‌കോയെ അറിയിക്കണം. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നിന് നിലവിൽ വരും.

Related Articles

Back to top button