KeralaLatest

ശബരിമല; കൂടുതല്‍ ദിവസങ്ങള്‍ തുറക്കാന്‍ നീക്കം

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: കൊവിഡ്കാല പ്രതിസന്ധിയുടെ പേരില്‍ ശബരിമലനട മാസപൂജാവേളയില്‍ കൂടുതല്‍ ദിവസങ്ങള്‍ തുറക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വട്ടംകൂട്ടുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച സൂചനകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു നല്‍കി. ദേവസ്വം ബോര്‍ഡിന് വന്‍വരുമാന വരുമാനക്കുറവാണ് കൊവിഡ് കാലത്തുണ്ടായതെന്നും വരുന്ന തീര്‍ഥാടന കാലത്തിനു മുന്‍പായി കൂടുതല്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും എന്നും പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ വരുമാന മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് മാസപൂജാവേളകളില്‍ ശബരിമലനട കൂടുതല്‍ ദിവസം തുറക്കുന്നകാര്യം പ്രസിഡന്റ് സൂചിപ്പിച്ചത്. ശബരിമലയിലെ മാസപൂജകള്‍ക്ക് അഞ്ച് ദിവസമെന്നുള്ളത് വര്‍ദ്ധിപ്പിക്കാന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പറഞ്ഞത്.

ശബരിമലനട 365 ദിവസവും തുറക്കുന്ന കാര്യം ആലോചിക്കണമെന്ന നിര്‍ദ്ദേശവുമായാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്‍ ആദ്യമായി മലകേറാന്‍ പമ്ബയിലെത്തിയപ്പോള്‍ പറഞ്ഞത്. പമ്ബയില്‍ നടന്ന യോഗത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുതന്നെ ഇതിനെ എതിര്‍ത്തതിനെതുടര്‍ന്ന് ഈ പ്രസ്താവന വിവാദമാവുകയും ചെയ്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതണം എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ ബദ്ധശ്രദ്ധനായ ദേവസ്വം പ്രസിഡന്റ് കൊവിഡ്കാല പ്രതിസന്ധി അതിനുള്ള ഉപാധിയാക്കുകയാണെന്ന് ഭക്തര്‍ പറയുന്നു.

ഓരോ ക്ഷേത്രത്തിന്റേയും പ്രതിഷ്ഠാവേളയില്‍തന്നെ ആ ക്ഷേത്രത്തില്‍ നടത്തേണ്ട പടിത്തരങ്ങള്‍ ദൈവഞ്ജന്മാര്‍ ദൈവഹിതമറിഞ്ഞ് നിശ്ചയിക്കുകയാണ് പതിവ്. പ്രതിഷ്ഠാവേളയില്‍ തന്ത്രി ഈ പടിത്തരം മൂര്‍ത്തിക്കുമുന്നില്‍ വായിച്ച്‌ അനുജ്ഞ നേടിയ ശേഷം ക്ഷേത്രഭരണാധികാരികളെ ഏല്പിക്കും.ഇതനുസരിച്ചാണ് പിന്നീട് ഈ ക്ഷേത്ര നടത്തിപ്പ്. ഇത് മാറ്റാന്‍ കേവലം ഭരണാധികാരികള്‍ക്ക് അധികാരമില്ല എന്നാണ് ക്ഷേത്രസങ്കല്പം. ശബരിമലയില്‍ മണ്ഡല മകരവിളക്കുത്സവകാലവും മറ്റും ഇത്തരത്തില്‍ ദൈവഹിതമറിഞ്ഞ് നിശ്ചയിക്കപ്പെട്ടതാണ് എന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കാനായി മാത്രം ഭരണാധികാരികള്‍ക്ക് ഇഷ്ടം പോലെ നടതുറക്കാനുള്ള ശ്രമം ആചാരലംഘനമാണെന്നാണ് ആരോപണം ഉയരുന്നത്.

Related Articles

Back to top button