KeralaLatest

സിഎജി റിപ്പോര്‍ട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഏറെ വിവാദമായ വിഷയമായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു. “സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്‌പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണ്”

സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു. അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചു. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച്‌ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സതീശന്‍ പ്രമേയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

“പ്രമേയത്തിലെ ആദ്യ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സഭ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ അവസാന ഭാഗങ്ങള്‍ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങള്‍ വളരെ വിചിത്രമാണ്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ അത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കും. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്,” സതീശന്‍ പറഞ്ഞു.

Related Articles

Back to top button