കൊച്ചി ; കോവിഡ് മഹാമാരി വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച താഴോട്ട്. ആഭ്യന്തര ഉല്പാദന വളര്‍ച്ചനിരക്ക് മൈനസ് ആയെന്നു മാത്രമല്ല ആളോഹരി വരുമാനത്തില്‍ 16,000 രൂപയുടെ കുറവും വന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. എന്നാല്‍ കൃഷിയില്‍ വളര്‍ച്ച. ബജറ്റിനൊപ്പം ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം അനുസരിച്ച് 2020-21 വര്‍ഷത്തെ സംസ്ഥാന ആഭ്യന്തര വളര്‍ച്ചയുടെ (എസ്ഡിപി) ഇടിവ് മൈനസ് 9.2 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനത്തിലും മൈനസ് 9.66% ഇടിവുണ്ട്. 1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. എന്നാല്‍, ഈ തുക അഖിലേന്ത്യാ ആളോഹരി വരുമാനത്തിന്റെ ഒന്നര ഇരട്ടിയാണെന്നും അവലോകനത്തില്‍ ചൂണ്ടിക്കാട്ടി.
ടൂറിസം ഉള്‍പ്പെടെ സേവനമേഖല പൂര്‍ണമായി അടഞ്ഞു കിടന്ന 2020-21 ല്‍ വളര്‍ച്ചയിലെ ഏറ്റവും വലിയ ഇടിവും സേവന മേഖലയിലാണ്– മൈനസ് 9.25%. വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ദ്വിതീയ മേഖലയിലും 9.5% ഇടിവ്. എന്നാല്‍ ഇതേ കാലത്തു കൃഷിയും അനുബന്ധ മേഖലയിലും സ്ഥിര വിലനിരക്കില്‍ (കോണ്‍സ്റ്റന്റ് പ്രൈസ്) വളര്‍ച്ച 3.81% രേഖപ്പെടുത്തി. 2019-20 ല്‍ മൈനസ് 5% നിരക്കില്‍ താഴോട്ടു പോയതാണ് കോവിഡ് കാലത്ത് വളര്‍ന്നത്.
കെട്ടിട നിര്‍മാണ രംഗം മൈനസ് 10.3% നിരക്കില്‍ താഴേക്കു വീണു. മുന്‍വര്‍ഷം മൈനസ് 1% എന്ന നിലയിലായിരുന്നു. വ്യവസായോല്‍പാദന രംഗത്ത് മൈനസ് 8.9% നിരക്കാണ്. ഈ രംഗം കഴിഞ്ഞ 3 വര്‍ഷമായി താഴോട്ടാണ്. കോവിഡ് മൂലമാണു തകര്‍ച്ചയെന്നും ഉത്തേജനപാക്കേജായി 20,000 കോടി രൂപ നല്‍കിയതുകൊണ്ടാണു തകര്‍ച്ച പിടിച്ചു നിര്‍ത്താനായതെന്നും അവലോകനത്തില്‍ പറയുന്നുണ്ട്.
തൊഴില്‍രഹിതര്‍ കേരളത്തില്‍ 10%. മുന്‍ വര്‍ഷത്തെക്കാള്‍ 1% വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, ഇത് 15 മുതല്‍ 59 വയസ്സു വരെയുള്ളവരുടെ കണക്കാണ്. അഖിലേന്ത്യാ ശരാശരി 4.8% മാത്രം. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിലും കേരളം തന്നെ മുന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 15 മുതല്‍ 29 വയസ്സു വരെയുള്ള യുവതീയുവാക്കളില്‍ തൊഴില്‍രഹിതര്‍ വളരെ കൂടുതലാണ്– 35.4%. അതില്‍ പുരുഷന്മാര് 26.5%, സ്ത്രീകള്‍ 53.7%.
59 വയസ്സു വരെയുള്ള പുരുഷന്മാരില് തൊഴില്‍രഹിതര്‍ 7.4%, സ്ത്രീകളില്‍ 15.1%. അഖിലേന്ത്യാ ശരാശരി തൊഴില്‍രഹിതരായ പുരുഷന്മാര് 4.5%, സ്ത്രീകള്‍ 4.2% എന്നിങ്ങനെയാണ്. ഇതേപ്രായത്തില്‍ വിദ്യാഭ്യാസം നേടിയവരുടെ തൊഴില്രാഹിത്യമാണു കേരളത്തില്‍ കൂടുതല്‍. 16.7%. ഗ്രാമങ്ങളില്‍ 17%, നഗരങ്ങളില്‍ 16.4% ഇവിടെയും അഖിലേന്ത്യാ നിരക്കിനെക്കാള്‍ കേരളത്തിലെ തൊഴിലില്ലായ്മ കൂടുതലാണ്. അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ 10.1% മാത്രം. ഗ്രാമങ്ങളില്‍ 9.9%, നഗരങ്ങളില്‍ 10.3%.