Kerala

റിലീഫ് ബോർഡ് വച്ച വാനിൽ കടത്തിയത് 20 കിലോ കഞ്ചാവ്

“Manju”

ബിന്ദുലാൽ

തൃശൂർ ∙ കോവിഡ് ദുരിതാശ്വാസമെന്ന വ്യാജേന ‘റിലീഫ്’ ബോർഡ് പതിച്ചെത്തിയ തണ്ണിമത്തൻ വാനിനുള്ളിൽ നിന്നു പിടികൂടിയത് 20 കിലോ കഞ്ചാവ്. ആന്ധ്രയിൽനിന്നു കഞ്ചാവു കടത്തിക്കൊണ്ടുവന്ന തളിക്കുളം പണിക്കവീട്ടിൽ ഷാഹിദ് (30), ചാവക്കാട് മണത്തല നേനത്ത് ഷാമോൻ (34) എന്നിവരെ ഈസ്റ്റ് പൊലീസും നിഴൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അടിപിടിക്കേസിൽപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഷാഹിദ് ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കഞ്ചാവു കടത്താൻ ഒരുമ്പെട്ടത്.

ഒന്നിലേറെത്തവണ കഞ്ചാവു കടത്തിനു പിടിക്കപ്പെട്ടവരാണ് ഇരുവരും. തേങ്ങ കയറ്റിയ പിക്കപ് വാനുമായി ഇരുവരും ആന്ധ്രയിലേക്കു പോയത് ഒരാഴ്ച മുൻപ്പാണ്. തേങ്ങ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് 10 പായ്ക്കറ്റുകളിലായി കഞ്ചാവ് കടത്തിയത്. ആന്ധ്രയിൽനിന്നു തമിഴ്നാട് വരെ വാനെത്തിയതു തണ്ണിമത്തൻ ഇല്ലാതെയാണ്. കേരളത്തിലേക്കുള്ള അതിർത്തി കടക്കുന്നതിനിടെ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കി തമിഴ്നാട്ടിൽനിന്ന് അഞ്ഞൂറോളം തണ്ണിമത്തൻ കയറ്റി.

കഞ്ചാവ് പായ്ക്കറ്റുകൾ തണ്ണിമത്തനു കീഴിൽ ഒളിപ്പിച്ച നിലയിലാക്കി. റിലീഫ് എന്ന ബോർഡും വണ്ടിയിൽ പതിച്ചു. ചാവക്കാട് ഭാഗത്തേക്കു കഞ്ചാവ് എത്തിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് എസിപി വി.കെ. രാജു പറഞ്ഞു. ചാവക്കാട് ഭാഗത്തേക്കു മുൻപും ഇവർ കഞ്ചാവ് എത്തിച്ചിട്ടുള്ളതായി വിവരമുണ്ട്.

ശക്തൻ മാർക്കറ്റിലെത്തിയപ്പോൾ ഈസ്റ്റ് സിഐ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് കഞ്ചാവ് കണ്ടെടുത്തു.ക്രൈം ബ്രാഞ്ച് എസിപി ശ്രീനിവാസന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് എസ്ഐ പി.എം. വിമോദ്, ടി.കെ. ജോസഫ്, നിഴൽ പൊലീസ് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവൃതകുമാർ, രാജൻ, എഎസ്ഐമാരായ കെ. ഗോപാലകൃഷ്ണൻ, രാജേഷ്, സിപിഒമാരായ പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button