KeralaLatest

ഹരിതകര്‍മ്മ സേന ശേഖരിച്ച മാലിന്യങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

“Manju”

തൃശൂരിൽ വീടിന് നേരെ ആക്രമണം;വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

വടകര: മാലിന്യം ശേഖരിക്കുന്ന ഏജന്‍സിക്ക് നല്‍കാനായി ഹരിതകര്‍മ്മ സേന തരംതിരിച്ച് വെച്ച വസ്തുക്കള്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്.പുലര്‍ച്ചെ മൂന്ന്‍ മണിയോടെയാണ് പയ്യോളി ടൌണിലെ പഴയ ലൈബ്രറി കെട്ടിടത്തിന് സമീപം മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയോട് ചേര്‍ന്ന് ചാക്കില്‍ സൂക്ഷിച്ച അജൈവ വസ്തുക്കള്‍ അടങ്ങിയ ചാക്കുകെട്ടുകൾ തീയിട്ട് നശിപ്പിച്ചത്. അന്‍പതോളം ചാക്കുകളില്‍ സൂക്ഷിച്ച വസ്തുക്കളാണ് നശിപ്പിക്കപ്പെട്ടത്.

വീടുകളില്‍ നിന്ന്‍ ശേഖരിക്കുന്ന വസ്തുക്കള്‍ തരം തിരിച്ച് ചാക്കുകളില്‍ നിറച്ച ശേഷം കൊണ്ട് പോവാനിരിക്കെയാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം മുപ്പത്തിനായിരം രൂപയുടെ വസ്തുക്കളാണ് നശിപ്പിക്കപ്പെട്ടതെന്ന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. 36 പേര്‍ അടങ്ങുന്ന സേനയുടെ ഏക വരുമാന മാര്‍ഗ്ഗമാണ് ഇതോടെ നഷ്ടമായത്. വീടുകളില്‍ നിന്ന്‍ വാങ്ങുന്ന നാമ മാത്രമായ യൂസര്‍ ഫീ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ബാക്കി തുക ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കള്‍ സംസ്ഥാന ശുചിത്വ മിഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറിയാണ് വരുമാനം ഉണ്ടാക്കേണ്ടത്. ഇതാണ് അഗ്നിക്കിരയാക്കപ്പെട്ടത്.

മത്സ്യ മാര്‍ക്കറ്റ് വഴിയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കടയിലെ ജീവനക്കാരനാണ് പുലര്‍ച്ചെ മൂന്ന്‍ മണിയോടെ തീ ആളിപ്പടരുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസും പുലര്‍ച്ചെ ടൌണിലുള്ള ചുമട്ട് തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെട്രോള്‍ പോലുള്ള എളുപ്പം തീ പിടിക്കുന്ന വസ്തു ഉപയോഗിച്ചാണ് തീ കൊടുത്തതെന്ന് സംശയിക്കുന്നു. എല്ലാം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നഗരസഭയുടെ കൈവശമുള്ള കെട്ടിടത്തിനും സാരമായ കേട് പറ്റിയിട്ടുണ്ട്. തൊട്ടടുത്ത മുറിയില്‍ വന്‍ തോതിലുള്ള മാലിന്യ ചാക്കുകള്‍ ഉണ്ടായിരുന്നെങ്കിലും തീ അവിടേക്ക് പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

മാലിന്യങ്ങള്‍ ആദ്യമായി ശേഖരിക്കുന്നത് കൊണ്ടാണ് ഇത്രയും കൂടുതല്‍ ഉണ്ടായതെന്നും ചാക്കുകള്‍ ഇവിടെ സൂക്ഷിക്കുന്നതില്‍ ചിലര്‍ നേരത്തെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നതായും ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, വൈസ് ചെയര്‍മാന്‍ സിപി ഫാത്തിമ, നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി പ്രജീഷ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button