KeralaLatestThiruvananthapuram

മൃഗങ്ങള്‍ക്കായുള്ള ആദ്യ ലേസര്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് തിരുവനന്തപുരത്ത്

“Manju”

കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയ്ക്ക് മുന്‍പൊരിക്കലുമില്ലാത്ത പ്രാധാന്യം ഈ സര്‍ക്കാരിന്റെ കാലത്തു ലഭിച്ചതായി മന്ത്രി പറഞ്ഞു. മൃഗ സംരക്ഷണത്തിനും കര്‍ഷക ക്ഷേമത്തിനുമായി ഏര്‍പ്പെടുത്തിയ പദ്ധതികളെല്ലാം വിജയം കണ്ടു. ഇതിന്റെ ഭാഗമായി ക്ഷീര ഉദ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടി. കന്നുകാലികളുടെയും പക്ഷി മൃഗാദികളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലേസര്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് മൃഗചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ ഏര്‍പ്പെടുത്തുന്ന രാത്രികാല ചികിത്സാ സൗകര്യം, ഗോസമൃദ്ധി-എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

42.5 ലക്ഷം ചെലവഴിച്ചാണ് കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാആശുപത്രിയില്‍ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് സ്ഥാപിച്ചത്. ഇതിലൂടെ കര്‍ഷകര്‍ക്ക് വേഗത്തിലും മിതമായ നിരക്കിലും എക്‌സ്‌റേ ലഭ്യമാക്കാനാകും. അത്യാധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ വളരെ വ്യക്തതയുള്ള ചിത്രങ്ങളാകും എക്‌സ് റേ യൂണിറ്റിലൂടെ ലഭിക്കുക. ഇത് ചികിത്സ കൂടുതല്‍ ലളിതമാക്കും.

സംസ്ഥാനമുടനീളമുള്ള കന്നുകാലികള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഗോസമൃദ്ധി. ഒരു കന്നുകാലിക്ക് ഒരു വര്‍ഷത്തേക്ക് 635 രൂപയാണ് കര്‍ഷകര്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം. ബാക്കി തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സ്വകാര്യ കമ്പനികള്‍ 3,000 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്. അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

രാത്രി കാലങ്ങളില്‍ മൃഗ ചികിത്സ ആവശ്യമാണെന്ന കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് രാത്രികാല ചികിത്സാ സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികള്‍ വഴി 24 മണിക്കൂര്‍ സേവനം നടപ്പാക്കിയിട്ടുണ്ട്. വെറ്റിനറി സര്‍ജന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചാണ് സേവനം നല്‍കുന്നത്. 9.21 കോടി രൂപയാണ് പദ്ധതി ചെലവ്.

ചടങ്ങില്‍ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്. ജയചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ.എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇ.ജി പ്രേംജയിന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button