Thiruvananthapuram

വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറരുത് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

“Manju”

തിരുവനന്തുപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വാകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സര്‍ക്കാര്‍പണവും പൊതുവിഭവങ്ങളും കൊണ്ട് പണിതുയര്‍ത്തിയ വിമാനത്താവളം 170 കോടിരൂപയോളം വാര്‍ഷിക ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അത് തുഛമായ നിരക്കില്‍ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സംസ്ഥാന നിയമസഭയും നിരവധി സംഘടനകളും വിമാനത്താവള ജീവനക്കാരും ഇതിനെതിരെ രംഗത്തുവന്നിരുന്നു. കൊച്ചി, കണ്ണൂര്‍ എന്നിവടങ്ങളിലെ വിജയമാതൃകകള്‍ പോലെ ഈ വിമാനത്താവളവും പൊതുമേഖലാ കമ്പനി രൂപവത്കരിച്ച് നടത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. അടിസ്ഥാന സൗകര്യവികസനം, യാത്രക്കാരുടെയും ഫ്‌ളൈറ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്വകാര്യ മേഖലയ്ക്കല്ല, സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുള്ള പൊതുമേഖലാ കമ്പനിക്കായിരിക്കും ഫലപ്രദമായി ഇടപെടാനാവുക. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
കൃഷിക്കും കര്‍ഷകര്‍ക്കും ദ്രോഹകരമായ വ്യവസ്ഥകളുള്‍പ്പെടുന്ന പുതിയ കേന്ദ്ര കാര്‍ഷിക നിയമഭേദഗതികള്‍ പിന്‍വലിക്കുക, വ്യാജചികിത്സകള്‍ക്കും ചികിത്സകര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി.
മൂന്നുദിവസമായി നടന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പ്രസിഡന്റ് ബി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാനപ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി കെ. രാധന്‍, ജില്ലാ സെക്രട്ടറി എസ്. ജയകുമാര്‍, അഡ്വ. വി.കെ. നന്ദനന്‍, എസ്.എല്‍. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അനില്‍ നാരയണര് (പ്രസിഡന്റ്്), ബി. ലില്ലി, ടി. കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.എല്‍. സുനില്‍കുമാര്‍ (സെക്രട്ടറി), അഡ്വ. വി.കെ. നന്ദനന്‍, വി. ജിനുകുമാര്‍ (ജോ. സെക്രട്ടറിമാര്‍), എസ്. രാജിത്ത് (ട്രഷറര്‍).

Related Articles

Back to top button