KeralaKottayamLatest

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

കോട്ടയം : പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കഥകളിയില്‍ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി. 1940 ല്‍ നെടുമുടി ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍ത്ത്യായനി കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.

വിദ്യാഭ്യാസകാലത്തു തന്നെ കഥകളിയില്‍ ആകൃഷ്ടനായി. 14 ആം വയസില്‍ തന്നെ കഥകളി അഭ്യസിച്ചുതുടങ്ങി. നെടുമുടി കുട്ടപ്പപണിക്കര്‍ ആയിരുന്നു ആദ്യ ഗുരുനാഥന്‍. 1957 ല്‍ അരങ്ങേറ്റം നടത്തി. കേന്ദ്ര ഗവണ്മെന്റ് സീനിയര്‍ ഫെല്ലോഷിപ്പ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, കേരള സംസ്‌ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്, പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1982 ല്‍ ഏഷ്യാഡില്‍ കഥകളി അവതരിപ്പിച്ചു. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ലണ്ടന്‍ എന്നീ വിദേശരാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകളി രംഗത്തെ മഹാപ്രതിഭ കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകള്‍ രാജേശ്വരിയാണ് ഭാര്യ.

Related Articles

Back to top button