KeralaLatest

കലാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

“Manju”

കോട്ടയം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജുകളും സര്‍വകലാശാലകളും ഇതേ രീതിയില്‍ മികവുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു. –നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി എംജി സര്‍വകലാശാലയില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ കുട്ടികള്‍ പുറത്തുപോയി പഠിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആവശ്യമായ കോഴ്സുകളും മതിയായ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കില്‍ അവര്‍ക്ക് പഠിക്കാനാകും. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പഠനമികവ് പുലര്‍ത്തുന്ന ആയിരം ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ ഒറ്റത്തവണ സഹായമായി നല്‍കും. ശാസ്ത്രപഠനത്തിന് പ്രതിമാസം ഒരുലക്ഷം രൂപ വരെയുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കും. ഇത് പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്തെല്ലാം പൂര്‍ത്തിയാക്കിയെന്നത് ജനങ്ങളെ അറിയിക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കുട്ടികളുടെ കൊഴിഞ്ഞുപോക്കും മോശപ്പെട്ട പഠനാന്തരീക്ഷവും കാലപ്പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം പൊതുവിദ്യാലയങ്ങളെ ബാധിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷയണ യജ്ഞം പ്രഖ്യാപിച്ചത്. 6,80,000 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button