IndiaLatest

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

“Manju”

ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യാ-ചൈന സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി. ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് നടപടി. ഇരുരാജ്യങ്ങളുടെയും സൈന്യം ഇവിടെ നിന്ന് മുന്‍നിശ്ചയിച്ച ഭാഗങ്ങളിലേക്ക് പിന്‍മാറുകയായിരുന്നു. അതേസമയം, സേനാ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികോദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. പത്താംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

ഇന്ന് പാന്‍ഗോങ് ചുഷൂലിനടുത്തുള്ള മോള്‍ഡോയില്‍ കാലത്ത് 10 മണിക്കാണ് ചര്‍ച്ച. ഇതുവരെ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കി 48 മണിക്കൂറിനുള്ളില്‍ 10 -ാം വട്ട ചര്‍ച്ച ആരംഭിക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നത്. ഹോട്ട്‌സ്പ്രിങ്, ഗോഗ്‌റ, ഡെപ്‌സാങ് എന്നീ മേഖലയിലെ തര്‍ക്കമാണ് പത്താംഘട്ടത്തില്‍ ചര്‍ച്ചക്ക് വിധേയമാകുക. പാന്‍ഗോങില്‍ നിന്ന് ടാങ്കുകളും മറ്റു സൈനിക സന്നാഹങ്ങളും ഇരുരാജ്യങ്ങളും നീക്കം ചെയ്തതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. കിഴക്കന്‍ ലഡാക്കിലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിലെ പ്രധാന ഭാഗമാണ് പാന്‍ഗോങ്.

ചൈനീസ് സൈന്യം ടെന്റുകള്‍ പൊളിച്ചു നീക്കുന്നതിന്റെയും ടാങ്കുകള്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയത്.

Related Articles

Back to top button