Latest

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

“Manju”

ചെന്നൈ: തിങ്കളാഴ്ച പുതുച്ചേരി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി. അണ്ണാ ഡി.എം.കെയിലെ വി. മണികണ്ഠന്‍, എ. ഭാസ്‌കര്‍, എന്‍.ആര്‍. കോണ്‍ഗ്രസിലെ എന്‍.എസ്. ജയപാല്‍ എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഒരു എം.എല്‍.എ. കൂടി പാര്‍ട്ടിവിട്ടേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ ലക്ഷ്മിനാരായണന്‍ കോണ്‍ഗ്രസ് വിട്ട് എന്‍.ആര്‍. കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

നിലവില്‍ ഭരണപ്രതിപക്ഷങ്ങളുടെ അംഗബലം തുല്യമാണ് (14-14). സ്പീക്കറും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ലക്ഷ്മിനാരായണന്‍ പാര്‍ട്ടി വിട്ടാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എം.എല്‍.എ.മാര്‍ അടക്കം 33 അംഗ നിയമസഭയില്‍നിന്ന് നാല് എം.എല്‍.എ.മാരാണ് രാജിവെച്ചത്. സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ.യെ മുമ്പ് അയോഗ്യനാക്കിയിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എ.മാര്‍ ബി.ജെ.പി. നേതാക്കളാണ്. എന്നാല്‍, ഇവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് നാരായണസാമി പക്ഷം വാദിക്കുന്നത്. തങ്ങള്‍ക്ക് വോട്ടവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നതായാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എ.മാര്‍ പറയുന്നത്.

Related Articles

Back to top button