KeralaLatest

പ്രധാനാധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങള്‍

“Manju”

പൊന്‍കുന്നം: പ്രധാനാധ്യാപകരില്ലാതെ സംസ്ഥാനത്തെ നിരവധി പൊതുവിദ്യാലയങ്ങള്‍ ഒരു വര്‍ഷം പിന്നിടുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനാധ്യാപകരുടെ അഭാവം സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസ് അനന്തമായി നീണ്ടുപോകുന്നു. താത്കാലിക പ്രമോഷന്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഈ മാസം 16ന് പുറത്തിറക്കിയ സര്‍ക്കുലര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ തന്നെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഏകോപനവും പ്രതിസന്ധിയിലാണ്.

കേരളത്തിലുടനീളം 956 പ്രധാനാധ്യാപകരാണ് 2019-20 അധ്യയന വര്‍ഷം വിരമിച്ചത്. ഇതോടോപ്പം 2020-21 അധ്യയന വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനധ്യാപകരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ ഏകദേശം രണ്ടായിരത്തില്‍പരം ഒഴിവുകളുണ്ടാാകും. നിലവില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് അണ്‍എയ്ഡഡ് മേഖലയില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, എങ്ങുമെത്താതെ നീളുന്ന പ്രധാനാധ്യാപക നിയമനവും നികത്തപ്പെടാതെ തുടരുന്ന അധ്യാപക ഒഴിവുകളും വലിയ പ്രതിസന്ധിയാണ്.

പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം നടക്കാത്തതു മൂലം എല്‍പി, യുപി അധ്യാപക റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും വിഷമ ഘട്ടത്തിലാണ്. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ അധ്യാപക ഒഴിവുകളില്‍ ഭൂരിഭാഗവും പിഎസ്‌സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഡിഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് സ്ഥാനക്കയറ്റം. നിലവിലെ എല്‍പി, യുപി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം പലരുടെയും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷയെഴുതാനുള്ള അവസരവും പലര്‍ക്കും നഷ്ടപ്പെടും. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും അധ്യാപക ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്

Related Articles

Back to top button