KeralaLatestThrissur

കടലാക്രമണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഫണ്ടുകളും

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആശ്വസിക്കാം.കടല്‍ക്ഷോഭം രൂക്ഷമായി അനുഭവിക്കുന്ന പഞ്ചായത്തുകള്‍ക്ക് താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ വിനിയോഗിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. കടലാക്രമണം ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ക്കാണ് തനത് ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ധാരണയായത്.ഏഴ് പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍നേരിടുന്നത്എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലാണ്. ഈ പഞ്ചായത്തുകള്‍ക്ക് കടല്‍ക്ഷോഭം നേരിടാന്‍ ഇനി താല്‍ക്കാലിക പരിഹാരമാര്‍ഗമായ ജിയോബാഗോ മറ്റു നിര്‍മാണമാര്‍ഗങ്ങള്‍ തേടുന്നതിനോ അതത് പഞ്ചായത്തുകളിലേതനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വരെ വിനിയോഗിക്കാം എന്ന പ്രത്യേക ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.കടലാക്രമണത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്ന പദ്ധതികള്‍ക്ക് പുറമെയാണ് അടിയന്തിരഘട്ടത്തില്‍ 10 ലക്ഷം രൂപ വരെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

കയ്പമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടാകുന്ന കടലാക്രമണങ്ങള്‍ നിയമസഭയില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.സ്ഥിതിഗതികള്‍ വിലയിരുത്തിയ സര്‍ക്കാര്‍ മണ്ഡലത്തിലെ ഈ അഞ്ച് പഞ്ചായത്തുകള്‍ക്ക് പ്രത്യേകമായി അനുമതി നല്‍കുകയായിരുന്നു.കടലാക്രമണത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്ന പദ്ധതികള്‍ക്ക് പുറമെ അടിയന്തര ഘട്ടത്തില്‍ 5 ലക്ഷം രൂപ വരെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവുണ്ട്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകള്‍ മാത്രമാണ് അതിന്റെ ഗുണഫലം ലഭിച്ചത്. ഇതനുസരിച്ച് കടലേറ്റം രൂക്ഷമായ എറിയാട് പഞ്ചായത്തില്‍ജിയോ ബാഗുകള്‍ വാങ്ങി സ്ഥാപിച്ചിരുന്നു. ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കിയ തടയണകളുടെ നിര്‍മാണവും എറിയാട് മണപ്പാട്ട് ചാല്‍ ഭാഗത്തും എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി 410 മീറ്റര്‍ തടയണയുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷ പ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ നിന്നും തടയണ നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചും ഉത്തരവായിരുന്നു.

പ്രദേശത്ത് വേലിയേറ്റം ശക്തമായ ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണവുംജിയോബാഗ്ഉപയോഗിച്ച് ജനപങ്കാളിത്തത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതുവരെയായി നടന്നിട്ടുണ്ട്. 2019ല്‍ തീരമേഖലയില്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഫണ്ടില്‍നിന്ന് പോളി പ്രൊപ്പലീന്‍ ബാഗുകളില്‍ മണല്‍ നിറച്ചുള്ള ജിയോ ബാഗുകള്‍ നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെ വേലിയേറ്റ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ അടിയന്തരമായി 50ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മാറി മാറി വരുന്ന പ്രളയവും കടലാക്രമണവും മൂലം ചില പ്രദേശങ്ങളില്‍ മാത്രമാണ് ജിയോ ബാഗ് തടയണ നിര്‍മാണംപൂര്‍ത്തിയാകാത്ത സ്ഥിതിവിശേഷം നിലനില്‍ക്കുന്നത്. ഈ ഭാഗങ്ങളില്‍ അതത് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ച്ജിയോബാഗ് ഭിത്തി നിര്‍മിക്കാം. തീരദേശവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുന്ന ഉത്തരവാണിത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ക്ക് മാത്രമായാണ് ഉത്തരവെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button