KeralaLatest

കേരളത്തിൽ സിദ്ധ മെഡിക്കൽ വിഭാഗത്തിൽ പുതിയ തസ്തികകൾ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സിദ്ധ മെഡിക്കൽ ഓഫീസർ വിഭാഗത്തിൽ എട്ട് തസ്തികകൾ കൂടി പ്രഖ്യാപിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സിദ്ധ വിഭാഗമില്ലാത്ത എട്ടിടത്താണ് 39500-83000 ശമ്പള സ്കെയിലിൽ 8 സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികകൾ പ്രഖ്യാപിച്ച് ഉത്തരവായത്. പത്തനംതിട്ട അയിരൂർ ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി , എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി, തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രി, വയനാട് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി , കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി, കാസർഗോഡ് പട്ടണക്കാട് ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ തസ്തികകൾ.
നേരത്തെ ഈ സ്ഥാപനങ്ങളിൽ സിദ്ധ ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിലും അത് ഭാരതീയ ചികിത്സാവകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള താൽക്കാലിക നിയമനങ്ങൾ ആയിരുന്നു. കഴിഞ്ഞ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ സേവന മികവും സിദ്ധ ചികിത്സാ വിഭാഗം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ നൽകിയ സംഭാവനകളും കണക്കിലെടുത്താണ് സ്ഥിര തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് സമർപിച്ച നിവേദനം പരിഗണിച്ച് ഡയറക്ടർ നൽകിയ പ്രൊപ്പോസലിലാണ് ആയുഷ് വകുപ്പ് തീരുമാനമെടുത്ത് ഉത്തരവായിരിക്കുന്നത്.

കേരളത്തിൽ ഏറെ അവഗണന നേരിട്ടിരുന്ന സിദ്ധ ചികിത്സാ വിഭാഗത്തിന് പുതിയ തസ്തികകൾ ആശ്വാസകരമാണ്. ഭാരതീയ ചികിത്സാവകുപ്പിന് കീഴിൽ വലിയൊരു വിഭാഗം സിദ്ധ ഡോക്ടർമാർ സേവനമനുഷ്ടിക്കുന്നുണ്ടെങ്കിലും ആയൂഷ് വകുപ്പിലെ ഇതര ചികിത്സാസമ്പ്രദായങ്ങൾക്ക് ലഭിക്കുന്ന പരിഗണന സിദ്ധക്ക് ലഭിച്ചിരുന്നില്ല. സിദ്ധ മേഖലയിൽ പുതിയ ഡിസ്പെൻസറികളും പുതിയ തസ്തികകളും സൃഷ്ടിക്കപ്പെട്ടത് ഇടതു സർക്കാരിന്റെ കാലത്താണെന്നും സിദ്ധ സമൂഹം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നന്ദി അറിയിക്കുന്നതായും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.അഭിൽ മോഹൻ പറഞ്ഞു. വരും കാലങ്ങളിൽ കേരളത്തിന് സിദ്ധ ചികിത്സയെ അവഗണിക്കാനാവില്ലെന്നും അയൽസംസ്ഥാനമായ തമിഴനാട് കോവിഡിനെതിരെ പോരാടി രോഗമുക്തി നേടിയത് സിദ്ധ ചികിത്സാവിഭാഗത്തെ മുറുകെപിടിച്ചതുകൊണ്ടാണെന്നും ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി. ഹരിഹരൻ അഭിപ്രായപ്പെട്ടു. സർക്കാർ തലത്തിൽ സിദ്ധ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതും സിദ്ധ വിഭാഗത്തിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കിടയിൽ അറിയിച്ചതായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.കെ. ജഗന്നാഥൻ അറിയിച്ചു. ഇടതു മുന്നണിയുടെ പ്രകടനപത്രികയിലും സിദ്ധ വിഭാഗം ഇടം പിടിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Related Articles

Back to top button