KeralaLatest

സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താൻ അനുമതി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ അനുമതി നൽകി സർക്കാർ. തീയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണിവരെയാക്കി ഉത്തരവിറക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട തീയേറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിന്ത്രണം നീക്കാൻ കൊറോണ കോർ കമ്മിറ്റി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സിനിമാ വ്യവസായം നേരിടുന്നത്. കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾക്ക് സെക്കൻഡ് ഷോ ഇല്ലാതിരുന്നതിനാൽ കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് രാവിലെ ഒൻപത് മുതൽ രാത്രി 9 വരെയായിരുന്നു പ്രദർശനം അനുവദിച്ചത്.

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് അടക്കമുള്ള മലയാള സിനിമകളുടെ റിലീസ് നീട്ടിവച്ചിരുന്നു. സെക്കൻഡ്‌ഷോ അനുവദിച്ച സാഹചര്യത്തിൽ റിലീസ് നീട്ടിവച്ച 30ഓളം മലയാള സിനിമകൾ വൈകാതെ തീയേറ്ററുകളിലെത്തും. തീയേറ്റർ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കൻഡ് ഷോയിൽ നിന്നാണ് ലഭിച്ചിരുന്നത്. അതിന് അനുമതി നിഷേധിക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബർ ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.

Related Articles

Back to top button