KeralaLatest

കായിക മേഖല വികസനത്തിന് 47 പദ്ധതികള്‍

“Manju”

ശ്രീജ.എസ്‌

തിരുവനന്തപുരം: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 47 പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ച് വര്‍ഷം കൊണ്ട് 16 സ്റ്റേഡിയങ്ങളും 8 ഫിറ്റ്നസ് സെന്ററുകളും പുതുതായി ആരംഭിച്ചു. ഏഴ് സ്റ്റേഡിയങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കി. 11 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തിയാക്കി. അഞ്ച് ഫിറ്റ്നസ് സെന്ററുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

പാലക്കാട് ജില്ലയില്‍ അഞ്ചും കണ്ണൂര്‍ തൃശൂര്‍ ജില്ലകളില്‍ മൂന്ന് വീതവും സ്റ്റേഡിയങ്ങളാണ് നാടിന് സമര്‍പ്പിച്ചത്. മലപ്പുറം കൊല്ലം കോട്ടയം കാസര്‍കോട് പത്തനംതിട്ട ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങള്‍ പുതുതായി പൂര്‍ത്തിയായി. 16 കോടി രൂപ മുതല്‍മുടക്കില്‍ തിരുവനന്തപുരം ജി.വി.രാജ സ്‌കൂള്‍ നവീകരിച്ചു. തലശ്ശേരി വി.ആര്‍.കൃഷ്ണയ്യര്‍ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. മലപ്പുറം മഞ്ചേരി സ്റ്റേഡിയം, തൃശൂര്‍ വേലൂര്‍ സ്റ്റേഡിയം, തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ്, ടെന്നീസ് അക്കാദമി, വോളിബോള്‍ അക്കാദമി എന്നിവ നവീകരിച്ചു.

കായികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ തുടങ്ങിയത്. തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍സ്റ്റേഡിയം, പീരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സിലും ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ്റിങ്ങള്‍ ശ്രീപാദം സ്റ്റേഡിയം, തൃശൂര്‍ വി.കെ.എന്‍. മേനോന്‍ സ്റ്റേഡിയം, കോഴിക്കോട് വി.കെ.കെ മേനോന്‍ സ്റ്റേഡിയം, മുണ്ടായാട് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് എന്നിവിടങ്ങളില്‍ ഫിറ്റ്നസ് സെന്ററുകള്‍ തുടങ്ങി. മാവേലിക്കര, കോന്നി, ആന്തൂര്‍, തൃപ്പൂണിത്തുറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഫിറ്റ്നസ് സെന്ററുകളുടെ നിര്‍മ്മാണോദ്ഘാടനം തുടങ്ങി.

11 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം രണ്ടാം ഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കി. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായ കുന്നംകുളം സിന്തറ്റിക് ട്രാക്ക്, പരിയാരം മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇടുക്കിയില്‍ നെടുങ്കണ്ടത്ത് കെ.പി.തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് തിരുവമ്പാടി സ്റ്റേഡിയം പല്ലാരിമംഗലം സ്റ്റേഡിയം, കൊല്ലം ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയം, തൃക്കരിപ്പൂര്‍ എം.ആര്‍. സി.കൃഷ്ണന്‍ സ്റ്റേഡിയം, പയ്യാന്നൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയം, ഫുട്ബോള്‍ സ്റ്റേഡിയം മൂവാറ്റുപുഴ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് പുതുതായി നിര്‍മ്മിക്കുന്നത്.

കൊവിഡും ലോക്ക്ഡൗണും പ്രളയവുമടക്കം വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് കിഫ്ബി ഫണ്ടും കായിക വകുപ്പിന്റെ തനത് ഫണ്ടും ഉപയോഗിച്ച്‌ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളും 43 പഞ്ചായത്ത് /മുനിസിപ്പല്‍ സ്റ്റേഡിയങ്ങളുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിന് 1000 കോടി രൂപ കിഫ്ബി അനുവദിച്ചു. കായിക, യുവജനകാര്യലായത്തിന് കീഴില്‍ 100 കോടിയിലധം രൂപയുടെ പ്രവര്‍ത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിന് ചെലവഴിച്ചു. കിഫ്ബി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 43 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, 27 സിന്തറ്റിക് ട്രാക്കുകള്‍ 33 സ്വിമ്മിംഗ് പൂള്‍ എന്നിവ യാഥാര്‍ത്ഥ്യമാകും.

Related Articles

Back to top button