IndiaKeralaLatest

കല്‍പ്പറ്റയില്‍ എബിന്‍ മുട്ടപ്പള്ളിയെ നിര്‍ദേശിച്ച്‌ രാഹുല്‍ ഗാന്ധി

“Manju”

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി തുടരുന്നതിനിടയില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യുവജന നേതാവ് മതിയെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. വയനാട് എംപികൂടിയായ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം എബിന്‍ മുട്ടപ്പള്ളിയെയാണ് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കൂടിയാണ് എബിന്‍.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം എബിന്‍ മുട്ടപ്പള്ളി നയിക്കുന്ന പ്രചരണ ജാഥ മണ്ഡലത്തില്‍ പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാനാര്‍ഥിത്വം ഉറയ്ക്കുന്നത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കല്‍പ്പറ്റയില്‍ രാഹുലിന്റെ വിശ്വസ്തനാണ് എബിന്‍. വയനാട്ടിലെ ഏക ജനറല്‍ സീറ്റാണ് കല്‍പ്പറ്റ. ഇവിടെ യുവനേതാവിന് തന്നെ സീറ്റ് നല്‍കണമെന്ന വാദത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും എബിന് മുതല്‍കൂട്ടായി. മാനന്തവാടി ബിഷപ്പും താമരശ്ശേരി ബിഷപ്പും എബിന്‍ മുട്ടപ്പള്ളിയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതും എബിന്‍റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.തിരുവമ്ബാടി മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടപ്പോള്‍ കല്‍പ്പറ്റയില്‍ സഭ പറയുന്ന സ്ഥാനാര്‍ഥിയെ പരിഗണിക്കാം എന്ന് യുഡിഎഫ് നേതാക്കള്‍ സഭാനേതൃത്വത്തെ അറിയിച്ചിരുന്നു.

കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് എബിന്‍ മുട്ടപ്പള്ളി. യുവ നേതാവ് എന്ന നിലയിലും ക്രിസ്ത്യന്‍ സമുദായത്തിലുള്ള സമ്മതിയും ഈ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിവരം.

അതേസമയം എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയംസ്കുമാറായിരിക്കും ഇടതു പക്ഷ സ്ഥാനാര്‍ഥി. മൂന്ന് മണ്ഡലങ്ങളിലാണ് എല്‍ജെഡി ജനവിധി തേടുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയംസ് കുമാറിനെയാണ് കല്‍പ്പറ്റ മണ്ഡലത്തില്‍ പരിഗണിക്കുന്നത്. ശ്രേയംസ് തന്നെ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വയനാട് ജില്ലാ നേതൃത്വം.

വയനാട്ടില്‍ ഏഴ് പേരുടെ ലിസ്റ്റാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.ടി.സിദ്ദിഖ് വരുന്നതിനോട് ജില്ലയില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി , മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍ , കെപിസിസി സെക്രട്ടറി കെ.കെ. അബ്രഹാം , മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ് ,പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിലുണ്ട് .എന്നാല്‍ ഇവരെയൊക്കെ കടത്തി വെട്ടിക്കൊണ്ടാണ് യുവാക്കളുടെ പ്രതിനിധിയായി അപ്രതീക്ഷിതമായ എബിന്‍ കയറി വന്നത്.

Related Articles

Back to top button