Uncategorized

ഇഷ്ടിക തേടിപ്പോയി, ചെന്നെത്തിയത് ഗുരുവിന്റെ വഴിയിൽ- സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി

“Manju”

ശാന്തിഗിരി: 1993-ൽ ഓലശ്ശേരി ഭാഗത്തേക്ക് ഇഷ്ടിക അന്വേഷിച്ചുപോയ സമയത്ത് മുത്തുക്കുടകളും ആളും ആരവും കണ്ട് പള്ളിയിലെ ചടങ്ങുകളാണെന്ന് കരുതി അന്വേഷിച്ചപ്പോഴാണ് അതൊരു മഹാഗുരുവിനെ വരവേൽക്കുന്നതിന്റെ ആഘോഷമാണെന്ന് മനസിലായത്. ഗുരുവിനെ കണ്ടപ്പോൾ തന്നെ എന്തോ പ്രത്യേകത തോന്നിയെന്നും മനസ്സു കൊണ്ട് വലിയൊരു അടുപ്പമുണ്ടായെന്നും സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ഏഴാംദിനത്തിൽ രാവിലെ 10മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന അനുഭവം പങ്കുവെയ്ക്കലിൽ സംസാരിക്കുകയായിരുന്നു സ്വാമി. ഒരു മണിക്കൂർ നീണ്ട സ്വാമിയുടെ പ്രഭാഷണം ഗുരുവുമായുള്ള അനുഭവത്തിന്റെ നേർസാക്ഷ്യമായി. ബന്ധുവായ ഗോപാലൻ മാഷിനെ അന്ന് ഓലശ്ശേരിയിലെ ചടങ്ങിൽ വെച്ച് കാണുവാനിടയായി. താങ്കളെന്താ ഇവിടെ? എന്ന ചോദ്യത്തിന് നീയെന്താ ഇവിടെ? എന്ന മറുചോദ്യമായിരുന്നു മറുപടി. ഇതാണ് എന്റെ ഗുരുവെന്ന് അദ്ധേഹം പറഞ്ഞപ്പോൾ ഇതാണോ ദൈവമില്ലെന്ന് പറയുന്ന നിങ്ങളുടെ ഗുരുവെന്ന് ഞാനും ചോദിച്ചു. ആശ്രമത്തിന്റെ കാര്യം വീട്ടിൽ വന്നു പറയുന്ന സമയത്തും ഗോപാലൻമാഷിനെ ഞങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്. മുൻകാല അനുഭവമുള്ളതുകൊണ്ട് അദ്ധേഹം തർക്കത്തിന് മുതിർന്നില്ല. “നിനക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ഗുരു രണ്ട് ദിവസം ഇവിടെയുണ്ട്, ചെന്നു ചോദിക്ക്” എന്നു പറഞ്ഞു അദ്ധേഹം പിൻവാങ്ങി. ഗുരുവിനെ കണ്ടതും ഈ ആശയവുമായുള്ള എന്റെ പോരാട്ടം അവസാനിച്ചെന്നും ഗുരുവിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചെന്നും സ്വാമി പറഞ്ഞു.

പാലക്കാട് നിന്നുള്ള മാസപ്രാർത്ഥനയുടെ കോർഡിനേഷൻ ചുമതല വഹിക്കുന്ന സമയത്തുള്ള ഒരനുഭവവും സ്വാമി പങ്കു വെച്ചു. മാസപ്രാർത്ഥനക്കാർ തിരുവനന്തപുരം ആശ്രമത്തിലെത്തിയാൽ ആദ്യം തന്നെ പറയുന്നത് നാളെ രാവിലെ 8 മണിക്ക് തിരികെപ്പോകണമെന്നാണ്. രാത്രിപ്രാർത്ഥന കഴിഞ്ഞ് പുലർച്ചെ 7 മണി മുതൽ അനുവാദത്തിനായി ഗുരുവിന്റെ കുടിലിനു മുന്നിലെത്തും. അവരോട് ചായ കുടിച്ച് വരാൻ ഗുരു അടുത്തുള്ളവരോട് പറയും. അവർ ആ വിവരം ഞങ്ങളെ അറിയിക്കും. പിന്നീട് 9 മണിയുടെ ആരാധന കഴിഞ്ഞ് വരാനും ,അതു കഴിഞ്ഞ് കഞ്ഞി കുടിച്ചിട്ട് വരാനും ഗുരു നിർദ്ദേശം ലഭിക്കും. 12 മണിയുടേയും 3 മണിയുടേയും 5 മണിയുടേയും ആരാധന കഴിഞ്ഞാകും ഗുരുവിനെ കാണാൻ കഴിയുക. ഗുരുവിന്റെ മുറിയുടെ ആ ചെറിയ വാതിൽ തുറക്കുമ്പോൾ കാത്തിരുന്ന് കാണുന്നതിന്റെ ആത്മനിർവൃതി പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി വഴിയിൽ നിന്ന് ആഹാരം കഴിക്കേണ്ടെന്നും 9 മണിയുടെ ആരാധന കഴിഞ്ഞ് കഞ്ഞി കുടിച്ചിട്ട് പോകാമെന്നും ഗുരു പറയും. ഓരോ തവണ മാസപ്രാർത്ഥനയ്ക്ക് വരുമ്പോഴും ഇതു തുടർന്നു. പാലക്കാട്കാരോട് ഗുരു എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരിക്കൽ ആശ്രമത്തിന്റെ അന്നത്തെ ചുമതലയിലുള്ള ഒരാൾ ഗുരുവിനോട് ചോദിച്ചു.
ഗുരു പറഞ്ഞത് അവരിവിടെ വരുമ്പോൾ പത്ത് ആരാധനയെങ്കിലും കൂടിയിട്ട് പോകണമെന്നാണ്. ഞങ്ങളുടെ രാശി മാറിയിട്ട് ജീവനിൽ ആ പ്രകാശം നിറയ്ക്കാൻ വേണ്ടിയാണ് ഗുരു അങ്ങനെ ചെയ്തതെന്നും സ്വാമി പറഞ്ഞു.

പാലക്കാട് ആശ്രമത്തിന്റെ ആദ്യവാർഷികത്തിന് ഗുരുവിനെ ക്ഷണിക്കാൻ വന്ന സമയത്ത് നേരിട്ട തികതാനുഭവങ്ങളും ഇവിടെ വന്നപ്പോൾ ഗുരുവിൽ നിന്ന് ലഭിച്ച സ്നേഹവും സ്വാമി സരസമായ സംഭാഷണത്തിലൂടെ സദ്ദസ്സിന് പകർന്നു നൽകി. പാലക്കാട് ഒരു മെഡിക്കൽ കോളേജും ഗവേഷണകേന്ദ്രവും വരണമെന്ന് ഗുരു നിർദ്ദേശിച്ചു. നിരവധി കാര്യങ്ങൾ ഗുരു അന്ന് സംസാരിച്ചു. ഗുരുവിനെ ഒന്നു തൊടാൻ തനിക്കുണ്ടായ ആഗ്രഹവും ആ ആഗ്രഹം സാധിച്ചപ്പോഴുണ്ടായ നിർവൃതിയും സ്വാമി പങ്കുവെച്ചു. ചന്ദനത്തിന്റെ മണമുള്ള ഗുരുവിന്റെ മേനിയും പനിനീർപ്പൂവ് പോലെ മൃദുലമായ ഗുരുവിന്റെ പാദങ്ങളും ഗുരുവിന്റെ സാമിപ്യത്തിന്റെ നിമിഷങ്ങളും സ്വാമി വിവരിച്ചപ്പോൾ സ്പിരിച്വൽ സോണിലെ കോൺഫറൻസ് ഹാളിൽ ഉണ്ടായിരുന്ന എല്ലാവരുടെ മനസ്സിലും ഗുരുസ്മരണകൾ ഓടിയെത്തി. ഗുരുവാക്ക് അനുസരിക്കാതിരുന്നതിനാൽ ഏകദേശം 19 വർഷം മുൻപ് ഇതേ ദിവസം ( ഒക്ടോബർ 2 ന്) പാലക്കാടുകാർക്ക് നേരിടേണ്ടി വന്ന, ഗുരുവിന് ദു:ഖം സമ്മാനിച്ച സംഭവത്തെക്കുറിച്ച് സ്വാമി വിശദീകരിച്ചു. ഏതു പ്രതിസന്ധിയിലും ഗുരു ശിഷ്യനെ ഉപേക്ഷിക്കില്ലെന്നും പ്രാർത്ഥനയിലൂടെ എന്തും നേടാമെന്നും സ്വാമി പറഞ്ഞു. പരമ്പരയാണ് നമ്മുടെ ശക്തിയെന്നും പരമ്പരയെ മാനിക്കാനുള്ള അറിവും ആശ്രമത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ചുള്ള പരിചയവും ഗുരുധർമ്മപ്രകാശസഭയിലെ ഓരോ അംഗങ്ങളും നിയുക്തരായവും മനസ്സിലാക്കണമെന്നും പറഞ്ഞുകൊണ്ടാണ് സ്വാമി വാക്കുകൾ അവസാനിപ്പിച്ചത്.

Related Articles

Back to top button