India

റായ്പൂരിന് തലവേദനയായി ബംഗ്ലാദേശ് വിമാനം

“Manju”

റായ്പൂര്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ വിമാനം നീക്കാത്തത് റായ്പൂര്‍ വിമാനത്താവളത്തിന് വന്‍ ബാധ്യതയായി മാറുന്നു. 2015 ഒാഗസ്റ്റ് ഏഴിനാണ് ബംഗ്ലാദേശ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്ര വിമാനം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ധാക്കയില്‍ നിന്നും മസ്‌കറ്റിലേക്കുള്ള യാത്രക്കിടെയാണ് വിമാനത്തിന്റെ തകരാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. 173 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റി അയച്ചു. സംഭവം നടന്ന് അഞ്ചര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും റായ്പൂര്‍ വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് സ്ഥലങ്ങളിലൊന്നില്‍ വിമാനം നീക്കം ചെയ്യാതെ കിടക്കുകയാണ്. വിമാനം മാറ്റണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുണൈറ്റഡ് എയര്‍ലൈന്‍സിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല.

ഇതോടെ ഈ ജനുവരിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമപരമായി നടപടി സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിക്കുകയും ചെയ്തു. പാര്‍ക്കിംഗ് ഇനത്തില്‍ മാത്രം ഏതാണ്ട് 1.25 കോടി രൂപയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റായ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത്. അടിയന്തരമായി റായ്പൂരില്‍ ഇറക്കിയതിന് ശേഷം, വൈകാതെ തന്നെ ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഘം വിമാനം പരിശോധിച്ചിരുന്നു. കേടായ എന്‍ജിനും മാറ്റി സ്ഥാപിച്ചു. എന്നാല്‍ വീണ്ടും പറക്കുന്നതിന് ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് തിരിച്ചടിയായത്. എല്ലാ മാസവും റായ്പൂര്‍ വിമാത്താവള അധികൃതര്‍ വിമാനം മാറ്റണമെന്ന് കാണിച്ച് സന്ദേശം അയക്കുമെങ്കിലും ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എട്ട് വിമാനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ വിമാനത്താവളമാണ് റായ്പൂരിലേത് എന്നതും അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്.

Related Articles

Back to top button