IndiaLatest

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും: രാജ് നാഥ് സിംഗ്

“Manju”

ലക്‌നൗ: കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിനും പൗരത്വ ഭേദഗതി നിയമത്തിനും ശേഷം അടുത്ത ലക്ഷ്യം വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ അമിതാധികാരം നീക്കുകയും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയും ചെയ്ത മാതൃകയിൽ സിവിൽ കോഡും നടപ്പാക്കുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. ലക്‌നൗവിൽ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു രാമക്ഷേത്ര നിർമ്മാണവും സിവിൽ കോഡ് അടക്കമുളള പരിഷ്‌കാരങ്ങളും. രാമക്ഷേത്രം നിർമ്മിക്കുകയും കശ്മീരിന്റെ അമിതാധികാരം നീക്കുകയും മുത്തലാഖ് നിയമം കൊണ്ടുവരികയും ചെയ്തു. ഇതുപോലെ സിവിൽ കോഡും കൊണ്ടുവരും. ഏതെങ്കിലും മത വിശ്വാസത്തിനോ മതത്തിനോ എതിരായിരിക്കില്ല സിവിൽ കോഡ് എന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയം മനുഷ്യർക്കുള്ളതാണെന്നും മനുഷ്യത്വത്തിനായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, പരമ്പരാഗത സ്വത്തവകാശം, വിവാഹ മോചനം, ദത്ത് എന്നീ വിഷയങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരൊറ്റ നിയമം കൊണ്ടുവരുന്നതാണ് ഏകീകൃത സിവിൽ കോഡ്. 2019ലെ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.

എ ബി വാജ്‌പേയി ജനസംഘം അദ്ധ്യക്ഷനായിരിക്കുമ്പോൾ ബിജെപി ഒരിക്കൽ സർക്കാർ രൂപീകരിക്കുമോ എന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ തകർച്ച അനുഭവിക്കുകയാണ്. എന്നാൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനം ബിജെപിയെ മുന്നോട്ട് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button