KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന മൃഗത്തിന്റെ കാൽപ്പാടുകൾ

“Manju”

തിരുവനന്തപുരം: കിളിമാനൂരിൽ ഭീതിയിലാഴ്ത്തിയ കാൽപ്പാടുകൾ പുലിയുടേയോ ചെന്നായയുടേയോ അല്ലെന്ന് വന്യജീവി ഗവേഷകനായ ഡിജോ തോമസ്. കണ്ടെത്തിയത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നീലഗിരിക്കടുവയാണെന്ന് അദ്ദേഹം അറിയിച്ചു. നാട്ടുകാരുടെ വിശദീകരണം, കടിയേറ്റ് മരിച്ച ആളുകളുടേ മുറിവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നിഗമനമെന്നും അദ്ദേഹം പറഞ്ഞു. കടിയേറ്റ് മരിച്ച ആളുകളുടേ മുറിവ് നീലഗിരിക്കടുവയുടേതിന് സമാനമാണ്.

കിളിമാനൂരിൽ കണ്ടെത്തിയ കാൽപ്പാടിന്റെ വലിപ്പവും നഖങ്ങളുടെ വിന്യാസവും നീലഗിരിക്കടുവയുമായി സാമ്യമുണ്ട്. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കുറച്ചുവർഷങ്ങളായി തൃശൂർ, തിരുവനന്തപുരം, മംഗലാപുരം മേഖലകളിൽ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയത് ഈ ജീവിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡിജോ വ്യക്തമാക്കി. ജീവിയുടെ കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.

കേരളം കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ജീവിയാണിത്. പുലിയുടേതിന് സമാനമായ ശരീരവും നായയുടേതിന് സാദൃശ്യമുള്ള മുഖവുമാണ് നീലഗിരിക്കടുവകൾക്കുള്ളത്. നായ, ആട്, കോഴി, മുയൽ എന്നിവയെ ഇവ ഭക്ഷിക്കും. ഇതുവരെ നീലഗിരിക്കടുവകളെ ജീവനോടെ പിടിക്കാനായിട്ടില്ല. നെയ്യാറിൽ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ 40ൽ താഴെ എണ്ണം മാത്രം നീലഗിരികടുവകളാണ് അവശേഷിക്കുന്നതെന്നാണ് നിഗമനം.

 

Related Articles

Back to top button