International

ചൊവ്വയിലെ ശബ്ദം ഭൂമിയിലേക്കയച്ച് പെർസിവറൻസ്: ഓഡിയോ പുറത്തുവിട്ട് നാസ

“Manju”

വാഷിംഗ്ടൺ: നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറൻസ് റോവർ റെക്കോർഡ് ചെയ്ത ശബ്ദം പുറത്തുവിട്ട് നാസ. ചൊവ്വയുടെ പ്രതലത്തിലൂടെ പേടകം നീങ്ങുമ്പോഴുണ്ടാകുന്ന ശബ്ദമാണ് നാസ പുറത്തുവിട്ടത്. ചൊവ്വയുടെ ഭൂപ്രദേശങ്ങളിൽ നീങ്ങുന്നതിനിടെയുള്ള ശബ്ദമാണിത്. ചൊവ്വയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് പ്രതീക്ഷയേകുന്നതാണിത്.

16 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോയാണ് പേടകം നാസയിലേക്ക് അയച്ചത്. മാർച്ച് ഏഴിന് റോവർ നടത്തിയ ടെസ്റ്റ് ഡ്രൈവിന്റെ ശബ്ദമാണ് ഇത്. റോവറിൽ ഘടിപ്പിച്ചിട്ടുള്ള ഓഡിയോ റെക്കോർഡറായ എൻട്രി, ഡിസന്റ്, ലാൻഡിംഗ്(ഇഡിഎൽ) മൈക്രോഫോണാണ് ഇത് പകർത്തിയത്. ചൊവ്വയിലേക്ക് നാസ അയച്ചതിൽ ഏറ്റവും നൂതനമായ റോവറാണ് പെർസിവറൻസ്.

25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേൾക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറിൽ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെർസിവറൻസ് ചൊവ്വയിൽ പര്യവേഷണം തുടരും. ചൊവ്വയിൽ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെർസിവറൻസ്. നേരത്തെ പെർസിവറൻസ് റോവർ ക്ലിക്ക് ചെയ്ത ചൊവ്വാ ഗ്രഹത്തിന്റെ കളർ ഫോട്ടോകളും സെൽഫിയും നാസ പുറത്തുവിട്ടിരുന്നു.

ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യൺ മൈലുകൾ സഞ്ചരിച്ചാണ് ചൊവ്വയിൽ പെർസിവറൻസ് ലാൻഡ് ചെയ്തിരിക്കുന്നത്. മൂന്ന് ബില്യൺ യുഎസ് ഡോളർ ചെലവ് വരുന്ന പെർസിവിറൻസ് നാസയുടെ ഏറ്റവും ചെലവേറിയ ചൊവ്വാ ദൗത്യങ്ങളിലൊന്നാണ്. ഫെബ്രുവരി 19നാണ് പേടകം ചൊവ്വയിൽ ലാൻഡ് ചെയ്തത്.

Related Articles

Back to top button