IndiaLatest

അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏ‌റ്റവും ഉയര്‍ന്ന കൊവിഡ് രോഗനിരക്ക് ഇന്ന്

“Manju”

ന്യൂഡല്‍ഹി: നവംബര്‍ മാസത്തിന് ശേഷം ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിനമാണിന്ന്. 46,951 കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1,16,46,081 ആയി. ഇതില്‍ 1.11 കോടി പേര്‍‌ രോഗമുക്തരായി. 1,59,967 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള‌ള വര്‍ദ്ധനയാണുണ്ടായത്.

കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതുമുതല്‍ ഏ‌റ്റവുമധികം രോഗം റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്ര തന്നെയാണ് ഇപ്പോഴും പ്രതിദിന രോഗബാധയില്‍ മുന്നില്‍. ഞായറാഴ്‌ച 30,535 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബയ് നഗരത്തില്‍ 24,79,682 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3775 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗബാധിതരായത്. പ്രതിദിന കൊവിഡ് കണക്കില്‍ പഞ്ചാബ്(2644), കേരളം(1875),കര്‍ണാടക(1715), ഗുജറാത്ത് (1580) എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്‌ട്രയ്‌ക്ക് പിന്നില്‍. പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തുടങ്ങി. രാജസ്ഥാനിലെ ജയ്‌പൂര്‍, ഉദയ്‌പൂര്‍, അജ്‌മേര്‍ എന്നീ നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ചന്തകള്‍ 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല.

മഹാരാഷ്‌ട്രയില്‍ നന്ദെദ് നഗരത്തില്‍ പതിനൊന്ന് ദിവസത്തേക്ക് കര്‍ഫ്യു ഏര്‍പ്പെടുത്തി. നാഗ്‌പൂരില്‍ മാര്‍ച്ച്‌ 31 വരെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഭക്ഷണശാലകള്‍ രാത്രി 7 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. മ‌റ്റ് കച്ചവടസ്ഥാപനങ്ങള്‍ 4 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഓഫീസുകള്‍ 25 ശതമാനം തൊഴിലാളികളുമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ലോകമാകെ 12.3 കോടി ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണമടഞ്ഞത് 27 ലക്ഷം ആളുകളാണ്.

Related Articles

Back to top button