KeralaLatest

കോവിഡ് വ്യാപനം തീവ്രം: ഐസിയുവും വെന്‍റിലേറ്ററുകളും തികയുമോയെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്പോള്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 1,515 ഐസിയു കിടക്കകളില്‍ 111 എണ്ണത്തില്‍ കൊവിഡ് രോഗികളാണ്.
570 വെന്‍റിലേറ്ററില്‍ 31 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്. തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി മരണ സംഖ്യയും കൂടുകയാണ്. കൊവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 892പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളില്‍ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും.
3748 വെന്‍റിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്. കൊവിഡ് രോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ഐസിയു വെന്‍റിലേറ്റര്‍ സംവിധാനം മാറ്റി വയ്ക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. നിലവിലെ രീതിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ശക്തമായി തുടര്‍ന്നാല്‍ എല്ലാം താളം തെറ്റും. പോസിറ്റീവായ ആയിരം രോഗികളില്‍ 8 പേര്‍ക്കാണ് മരണം സംഭവിക്കുന്നത് എന്നാണ് ആരാഗ്യവകുപ്പ് പറയുന്നത്.
വയോജനങ്ങളുടെ എണ്ണം കൂടിയതും മൃതദേഹങ്ങളിലെ കൊവിഡ് പരിശോധന കര്‍ശനമാക്കിയതുമാണ് നിരക്ക് ഉയരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളുകയാണ് ആരോഗ്യ വിദഗ്ധര്‍. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കൊവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി പഴയപോലെ ചില ആശുപത്രികള്‍ പരിമിതപ്പെടുത്തുന്നതും സജീവ പരിഗണനയിലുണ്ട്.

Related Articles

Check Also
Close
Back to top button