IndiaLatest

വ്യോമസേന ഓക്‌സിജന്‍ ടാങ്കറുകള്‍ അടിയന്തിരമായി എത്തിച്ചുതുടങ്ങി

“Manju”

ന്യുഡല്‍ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ ടാങ്കറുകളുമായി വ്യോമസേനയുടെ വിമാനം സര്‍വീസ് തുടങ്ങി. ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതോടെയാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് കാണിച്ച്‌ സാകേതിന്റെ മാക്‌സ് ആശുപത്രിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.ശ്രീ ഗംഗാറാമിലേക്കും മാക്‌സിലേക്കും ഇതിനകം ടാങ്കറുകളില്‍ ഓക്‌സിജന്‍ എത്തിച്ചുകഴിഞ്ഞു.

ഏതാനും മണിക്കൂറുകളിലേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ലഭ്യമായത്. മാക്‌സില്‍ 700 ഓളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ശ്രീംഗറാമില്‍ 60 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുണ്ട്. 142 പേര്‍ക്ക് ഓക്‌സിജന്‍ അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനം മാക്‌സ് ആശുപത്രി പിന്‍വലിച്ചു.

ഓക്‌സിജന്‍ ലഭിച്ചുതുടങ്ങിയതോടെയാണ് നിലപാട് തിരുത്തിയത്. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായി 12 ആശുപത്രികളും അഞ്ച് മെഡിക്കല്‍ ഫസിലിറ്റികളുമുള്ള ഹെല്‍ത്ത് കെയര്‍ ശൃംഖലയാണ് മാക്‌സിന്റേത്. രാജ്യമെമ്പാടുമുള്ള ഓക്‌സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളിലേക്കാണ് വ്യോമസേന ടാങ്കറുകള്‍ എത്തിക്കുന്നത് സി-17, ഐഎല്‍-76 എന്നീ എയര്‍ക്രാഫ്ടുകളാണ് പനഗഡില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നത്.

അതിനിടെ, രാജസ്ഥാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ ആരോപണവുമായി ഡല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രി രംഗത്തെത്തി. ഇനോക്‌സ് എയര്‍ പ്രൊഡക്‌ട് ലിമിറ്റഡില്‍ നിന്നും ആശുപത്രിയിലേക്ക് വരുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍ രാജസ്ഥാന്‍ ഭരണകൂടം അതിര്‍ത്തിയില്‍ തടയുകയാണെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി.

ആശുപത്രിയില്‍ 200 ഓളം കോവിഡ് രോഗികളുണ്ട്. ഇന്ന് രാവിലെ രണ്ട് ബാച്ചുകളിലായി 21 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ലഭിച്ചത്. ഓക്‌സിജന്‍ ഉപയോഗം വളരെ കൂടുതലാണ്. തടസ്സമില്ലാതെ ഓക്‌സിജന്‍ ലഭിക്കാന്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിറയ്ക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button