IndiaKeralaLatest

പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ചു

“Manju”

 

ഇടുക്കി: പള്ളിവാസൽ പവർഹൗസിനു സമീപം ഈറ്റക്കാട്ടിൽ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ ഹൃദയം തുളച്ചുകയറിയ ഒറ്റക്കുത്തിൽ രേഷ്മയുടെ മരണം സംഭവിച്ചെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ ഫൊറൻസിക് സർജൻ ഡോ. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രേഷ്മയുടെ മൃതദേഹത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തി. പുഴയോരത്തു നിന്നു രേഷ്മയുടെ ബാഗ് കണ്ടെത്തി. സ്ഥലത്തു നിന്നു കിട്ടിയ മൊബൈൽ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു. പുഴയുടെ സമീപത്തെ മണൽത്തിട്ടയിൽ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ ഫർണിച്ചർ കടയിൽ മര ഉരുപ്പടികൾ നിർമിക്കുന്ന ജോലിയാണ് അരുണിന്. വീട്ടിൽ നിന്നു മാറി സുഹൃത്തിനൊപ്പമാണ് അരുൺ താമസിക്കുന്നത്.
പ്രതിയെന്നു സംശയിക്കുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. വണ്ടിപ്പാറയിൽ രാജേഷിന്റെയും ജെസിയുടെയും മകൾ രേഷ്മ(17)യെ വെള്ളിയാഴ്ച രാത്രി 9.30നാണു നെഞ്ചിനും കഴുത്തിനും കൈക്കും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പവർഹൗസിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ.
രേഷ്മയുടെ വല്യച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകൻ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയിൽ അരുണിനെ (അനു–28) പൊലീസ് തിരയുന്നു. അരുണുമായി പെൺകുട്ടിക്കു പ്രണയബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ചുണ്ടായ തർക്കമാകാം കൊലപാതകത്തിലേക്കു വഴിവച്ചതെന്നാണു പൊലീസിന്റെ നിഗമനം.
ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്കൂളിൽ നിന്നു വരാൻ വൈകിയതോടെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവർഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാർ കണ്ടിരുന്നു.
ഇവർ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങൾ റോഡരികിലുള്ള റിസോർട്ടിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്താണു രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതു നെഞ്ചിലും കഴുത്തിലും ഇടതുകയ്യിലും ഉളി പോലുള്ള ആയുധം കൊണ്ടു കുത്തേറ്റിട്ടുണ്ട്.

Related Articles

Back to top button