IndiaKeralaLatest

മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച്‌ സിദ്ദിഖ് കാപ്പന്റെ ഭാര്യ

“Manju”

കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച്‌ യുപിയില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ഭാര്യ. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച്‌ റൈഹാനത്ത് രംഗത്തെത്തുന്നത്.
കാപ്പന് ചികിത്സ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടതിനാല്‍ തനിക്കിപ്പോള്‍ സമാധാനം തോന്നുന്നുണ്ടെന്നാണ് റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേ സമയം ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണെന്നും അതെല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു. ഒറ്റ ദിവസം കൊണ്ട് പത്രപ്രവര്‍ത്തക യൂണിയനും മാധ്യമസമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും തനിക്കൊപ്പം നിന്നുവെന്ന് പറഞ്ഞ റൈഹാനത്ത് ഇതില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ മാത്രമാണ് വിട്ടുനിന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സഹായം ഇനിയും തനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റൈഹാനത്ത് പറയുന്നു. എല്ലാവരും അവസാനം വരെ കൂടെയുണ്ടാകുമെന്ന് കരുതുന്നു. അത് തനിക്ക് നല്‍കുന്ന പോസിറ്റിവിറ്റി ചെറുതല്ലെന്നും റൈഹാനത്ത് പറയുന്നു.
കൊവിഡ് ബാധിച്ച്‌ മഥുരയിലെ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിദ്ദിഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചിരുന്നു.
ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പുറമേ കെയുഡബ്ല്യൂജെയും കാപ്പന് വേണ്ടി ഇടപെട്ട് കത്തയച്ചിരുന്നു.

Related Articles

Back to top button