IndiaInternationalLatest

യുഎസ്സ് യുദ്ധക്കപ്പലിനെ തുരത്തിയതായി ചൈന

“Manju”

ബെയ്ജിംഗ്: ജോ ബൈഡന്‍ അധികാരമേറ്റ് ഒരുമാസം പിന്നിടുന്നതിന് മുമ്പ് കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും. യുഎസിന്റെ മിസൈല്‍ വേധ യുദ്ധക്കപ്പലിനെ ദക്ഷിണ ചൈനാ കടലില്‍ നിന്ന് തുരത്തിയതായി ചൈന. നേരത്തെ തായ്‌വാന്‍ കടലിടുക്കിലൂടെ ഈ കപ്പല്‍ കടന്നുപോയിരുന്നു. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്‌എസ് ജോണ്‍ എ മക്കെയിനെ തുരത്താനായി യുദ്ധക്കപ്പലുകളും വ്യോമ സജ്ജീകരണവും ഒരുക്കിയെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സതേണ്‍ തിയറ്റര്‍ പറഞ്ഞു.

ഷിഷ ദ്വീപിന് സമീപത്ത് നിന്നാണ് യുദ്ധക്കപ്പലിനെതിരെ ചൈന നടപടിയെടുത്തത്. എന്നാല്‍ സമുദ്ര നിയമ പ്രകാരമുള്ള റോന്ത് ചുറ്റലാണ് നടത്തിയതെന്നും നിയമപ്രകാരമാണ് എല്ലാം നടന്നതെന്നും യുഎസ് നാവിക സേന പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസ്സും ചൈനയും തമ്മില്‍ വലിയ വാക്‌പോരാണ് നടന്നത്. യുഎസ്സിന്റെ യുദ്ധക്കപ്പല്‍ മേഖലയില്‍ കടന്നതിനെതിരെ ചൈന രൂക്ഷമായി പ്രതികരിച്ചിരുന്നു. ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടാവുന്നത്.

നേരത്തെ ട്രംപ് ഭരണകൂടം അധികാരത്തിലിരുന്നപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ചൈനയ്‌ക്കെതിരെ നടത്തിയിരുന്നത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ലോകത്ത് ഒന്നാകെ കോവിഡ് പരത്തിയത് ചൈനയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പല രാജ്യങ്ങളും ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ബൈഡന്‍ ഭരണകൂടം ഇതെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രശ്‌നം ബന്ധം കൂടുതല്‍ വഷളാകുമെന്ന സൂചനയാണ് നല്‍കുന്നത്.

Related Articles

Back to top button