IndiaLatest

അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ചൈന

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ-ചൈനീസ് അതിര്‍ത്തിയായ ലഡാക്കിലെ പാംഗോംഗ് തടാകക്കരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ട് മെയ് 5ന് ഒരുവര്‍ഷം പൂര്‍ത്തിയാകുകയാണ്. കൈയേറ്റം നടത്തിയ ഭാഗങ്ങളില്‍ നിന്നും പിന്മാറുന്നതിന്റെ ചില സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും അതിര്‍ത്തിയിലെ സൈനിക വിന്യാസം ചൈന ശക്തമാക്കുകയാണെന്നാണ് പുതിയ വിവരം.

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ വളരെ ഉളളിലുളള പ്രദേശങ്ങളിലാണ് ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത്. ഇവിടെ നിന്നും പിന്‍വാങ്ങാന്‍ തങ്ങള്‍ ഉടനെയൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ചൈന വ്യക്തമായ സൂചന നല്‍കുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ഈ പ്രദേശങ്ങളിലെ ശക്തമായ മഞ്ഞുകാലം കഴിഞ്ഞതോടെ മുന്‍പ് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡുകളും മറ്റ് നിര്‍മ്മിതികളും മാറ്റി ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലങ്ങളായും ഹെലികോപ്റ്റുകളും യുദ്ധത്തിന് ആവശ്യമായ മിസൈല്‍ വിക്ഷേപണത്തിനുളള സ്ഥിരം സ്ഥലങ്ങളായും ചൈന മാറ്റുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ 25 മുതല്‍ 120 കിലോമീറ്റര്‍ പരിധിയില്‍ മിസൈല്‍ വിക്ഷേപിക്കാനുളള സംവിധാനമാണ് അതിവേഗം ചൈന പണികഴിക്കുന്നത്.

അതിര്‍ത്തിയോട് ചേര്‍ന്നുളള തൊട്ടടുത്ത ഭാഗങ്ങളില്‍ ചൈന സൈനിക വിന്യാസം നടത്തുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ഉളളിലുളള തര്‍ക്കമുണ്ടാകാന്‍ ഇടയുളള സ്ഥലങ്ങളില്‍ ചൈന വ്യാപക സൈനിക വിന്യാസം നടത്തുന്നതായി വിവരമുണ്ടെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പാംഗോംഗ് തടാകത്തോട് ചേര്‍ന്ന റുടോഗ് ഗ്രാമ മേഖലയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ചൈന ധാരാളം സൈനിക നടപടികള്‍ കൈക്കൊളളുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 5,6 തീയതികളില്‍ പാംഗോംഗ് തടാകത്തിന് സമീപത്തും തുടര്‍ന്ന് മേയ് 9ന് സിക്കിമിലെ നാകു ലായിലും ചൈനീസ് സൈനികര്‍ കടന്നുകയറാന്‍ ശ്രമിക്കുകയും ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചൈന കൂടുതല്‍ സൈനികരെ ഇവിടെയെത്തിച്ച്‌ ലഡാക്കില്‍ നില ശക്തിപ്പെടുത്തിയതോടെ ഇന്ത്യയും മൂന്ന് ഡിവിഷന്‍ സൈനികരെ ഇവിടെ വിന്യസിച്ചു. പന്ത്രണ്ടായിരത്തോളം സൈനികരടങ്ങുന്നതാണ് ഒരു ഡിവിഷന്‍. പീരങ്കികള്‍, ആയുധമേന്തിയ വാഹനങ്ങള്‍,യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി ഈ മേഖലയില്‍ ശക്തമായി ഇന്ത്യ നിലയുറപ്പിച്ചു. പിന്നീട് ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങള്‍ തമ്മില്‍ പല തവണയായി നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈനിക വിന്യാസം കുറയ്ക്കാന്‍ ധാരണയായത്.

Related Articles

Back to top button