KeralaLatest

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രണ്ടാം ദിവസത്തിലേക്ക്

“Manju”

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക്. ഇന്നും സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ചെക്ക് പോയിന്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.

അതേസമയം ലോക്ക്ഡൗണില്‍ അടിയന്തരാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കിത്തുടങ്ങി. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്. pass.besafe.kerala.gov.in എന്ന സൈറ്റിലാണ് പാസിനായി അപേക്ഷിക്കേണ്ടത്. തൊഴില്‍ വകുപ്പിനെ കൂടി അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യ സര്‍വീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസിനായി അപേക്ഷിക്കാം. വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിങ്ങനെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ പാസ് ആവശ്യമാണ്. ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകള്‍ക്കും ഇപാസ് വേണം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനു മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കേ അന്തര്‍ ജില്ലാ യാത്ര അനുവദിക്കൂ.

വെബ്സൈറ്റില്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പാസിന്റെ നിലവിലെ അവസ്ഥ അറിയാനും സംവിധാനം ഉണ്ട്. മൊബൈല്‍ നമ്ബരും ജനന തീയതിയും സൈറ്റില്‍ അടിച്ചു നല്‍കിയാല്‍ ഈ വിവരം ലഭിക്കും. പാസ് ഡൗണ്‍ലോഡ് ചെയ്ത് പരിശോധനക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലില്‍ തന്നെ കാണിക്കാം.

വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും വളരെ അത്യാവശ്യത്തിന് വീടിന് തൊട്ടടുത്തുള്ള കടകളില്‍ പോകുന്നവര്‍ക്കും പാസ് വേണ്ട. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ക്കും പാസ് ആവശ്യമില്ല. സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൊണ്ട് ഇത്തരക്കാര്‍ക്ക് യാത്ര ചെയ്യാം.

Related Articles

Back to top button