KeralaLatest

കൊറോണ പ്രതിരോധ നടപടികള്‍ക്ക് ആയുര്‍വേദം അഭികാമ്യം

“Manju”

എറണാകുളം: ആലപ്പുഴ നഗരസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ അപരാജിത ധൂമ ചൂര്‍ണ്ണം പുകയ്ക്കല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിനെ വിമര്‍ശിച്ച്‌ രംഗത്ത് വന്നത്. എന്നാല്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍. പകര്‍ച്ചവ്യാധിയിലെ ആയുര്‍വേദ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

സര്‍ക്കാര്‍ അംഗീകൃത ഫാര്‍മകോപ്പിയ പ്രകാരം തയ്യാറാക്കിയ മരുന്നാണ് പുകയ്ക്കുവാന്‍ ഉപയോഗിക്കുന്ന അപരാജിത ധൂമചൂര്‍ണ്ണം. ഇതിന്റെ ഉപയോഗം അന്തരീക്ഷത്തിലെ ബാക്ടീരിയയുടെയും ഫംഗസിന്റെയും മറ്റ് സൂക്ഷ്മാണുക്കളുടെയും സാന്നിദ്ധ്യത്തെ കുറക്കുന്നതാണെന്ന ശാസ്ത്രീയ പഠനഫലങ്ങള്‍ പുറത്തുവന്നിട്ടുള്ളതും സര്‍ക്കാരിന്റെ പക്കലുള്ളതാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്ബില്‍ ഇവ ഉപയോഗിച്ചിടത്ത് രോഗവ്യാപനം ഉണ്ടായതുമില്ല എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മാത്രവുമല്ല പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ അടച്ചുവയ്ക്കുക , ശ്വാസകോശ രോഗികള്‍ മാറി നില്‍ക്കുക , വീട്ടുമൃഗങ്ങളെ മാറ്റി നിര്‍ത്തുക തുടങ്ങിയ അനൗണ്‍സ്‌മെന്റുകളോടെ കീടനാശിനിയും ഡീസലും ചേര്‍ത്ത് ‘ഫോഗിംഗ് ‘ ചെയ്യുന്നതിലും നല്ല ഫലം ആയുര്‍വേദത്തിലെ പ്രയോഗങ്ങള്‍ക്ക് ലഭിക്കുന്നതും മനസ്സിലാക്കിയിട്ടുള്ളതാണ്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തിയ അപരാജിത ധൂമചൂര്‍ണ്ണം പുകയ്ക്കുന്ന ധൂപസന്ധ്യ പരിപാടിക്കെതിരെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച പരിഷത്ത് ചില ‘ശാസ്ത്ര’ സംഘടനകള്‍ കോവിഡിനെ പ്രതിരോധിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയ പെയിന്റിലും ബള്‍ബിലുമൊന്നും അശാസ്ത്രീയത കാണാതെയിരിക്കുന്നതിന് പിന്നില്‍ മറ്റ് കച്ചവട ലക്ഷ്യങ്ങളുണ്ടാകുമെന്നും അസ്സോസിയേഷന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button