IndiaKeralaLatest

ചാത്തനാട്ടെ കളത്തിപറമ്പിൽ വീട് അനാഥമാകുന്നു

“Manju”

ആലപ്പുഴ: 1959 ൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയതോടെയാണ് ഗൗരിയമ്മയും ടി വി തോമസും ആലപ്പുഴ ചാത്തനാട്ടെ കളത്തിപറമ്പിൽ വീട്ടിലെത്തിയത്. ടി വി തോമസിന്റെ പിതാവ് ടി സി വർഗീസാണ് ഇരുവർക്കുമായി വീട് വാങ്ങി നൽകിയത്.
പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പിൽ എന്ന പേര് ചാത്തനാട്ടിലെ വീടിനും നൽകണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിന് ടി വി തോമസ് എതിര് നിന്നില്ല. 1964ലെ പാർട്ടി പിളർപ്പിനെ തുടർന്ന് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കളത്തിൽ പറമ്പിൽ വീട്ടിലായി.
ടി വി തോമസ് മാതൃ സംഘടനയിൽ ഉറച്ചു നിന്നപ്പോൾ ഗൗരിയമ്മ സി പി എമ്മിലേയ്ക്ക് പോയി. അന്ന് ആലപ്പുഴ മുൻസിപ്പൽ ചെയർമാനായിരുന്നു ടി വി. ഇരു പാർട്ടിയിൽ ആയിരുന്നുവെങ്കിലും മാനസികമായി അവർ അകന്നില്ല.
അക്കാലത്ത് ടി വി വാങ്ങി നൽകിയ കശ്‍മീരി സാരി ഗൗരിയമ്മ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ എതിർപ്പ് ഉണ്ടെങ്കിലും ഏറെ നാൾ ഇരുവരും കളത്തിപ്പറമ്പ് വീട്ടിൽ തുടർന്നെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായില്ല.
ഇരുവരും വേർപിരിഞ്ഞപ്പോൾ പിതാവ് വാങ്ങി നൽകിയ വീട് ഗൗരിയമ്മയ്ക്ക് നൽകി ടി വി തോമസ് താമസം മാറി. ടി വി യുടെ മരണ ശേഷവും ഗൗരിയമ്മ കളത്തിപറമ്പിൽ വീട്ടിൽ താമസം തുടർന്നു. സി പിഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ എസ് എസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു.
പിന്നീട് എല്ലാ വർഷവും മിഥുന മാസത്തിലെ തിരുവോണ നാളിൽ ഗൗരിയമ്മയുടെ ജന്മദിനവും ഇവിടെ വെച്ചായിരുന്നു ആഘോഷിച്ചിരുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കിയെങ്കിലും പിറന്നാൾ ദിനത്തിൽ വീട്ടിലെ ഗേറ്റിന് മുന്നിലെത്തിയവരെ കാണാൻ തൂവെള്ള സാരിയുമുടുത്ത് പുഞ്ചിരി തൂകി ഗൗരിയമ്മ എത്തി
ജീവിതത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടും ചെയ്താണ് വിപ്ലവ നായിക തലസ്ഥാനത്തേക്ക് പോയത്. വാർധ്യകത്തിൻ്റെ അവശതകൾ ഏറിയപ്പോൾ സഹോദരി പുത്രി എത്തി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോഴും കളത്തിപറമ്പിൽ വീട്ടിൽ നിന്ന് മനസില്ലാ മനസോടെയാണ് ഗൗരിയമ്മ ഇറങ്ങിയത്.
60 വർഷത്തിലധികം കേരള രാഷ്ട്രീയത്തിലെ ചലനങ്ങൾക്ക് സാക്ഷിയായ വീട്. വീട്ടുകാരി വിട പറയുമ്പോൾ ചാത്തനാട്ടെ കളത്തിപറമ്പിൽ വീട് അനാഥമാകുകയാണ്.

Related Articles

Back to top button