IndiaKeralaLatest

പാര്‍ട്ടിക്കൊപ്പം പിളര്‍ന്ന ദാമ്പത്യം-ഗൗരിയമ്മ-ടി.വി തോമസ് ബന്ധം

“Manju”

തിരുവനന്തപുരം: ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബാലറ്റിലൂടെ അധികാരത്തിലെത്തിയ അതേവര്‍ഷം കേരള രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു മനോഹര സംഭവംകൂടി ഏഴുതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. കേരളം കണ്ട ആദ്യ മന്ത്രി വിവാഹം. ഇഎംഎസ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഗൗരിയമ്മയും ടി.വി തോമസുമാണ് വധുവരന്മാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുത്ത് നടത്തിയ വിവാഹം പിന്നീട് പാര്‍ട്ടി പിളര്‍പ്പിനൊപ്പം വേര്‍പിരിഞ്ഞതും ചരിത്രം.
1957 മേയ് 30ന് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലായിരുന്നു ടി.വി. തോമസിന്റെയും ഗൗരിയമ്മയുടെയും വിവാഹം. മുഖ്യമന്ത്രി ഇഎംഎസ് നമ്ബൂതിരിപ്പാട് എടുത്ത് കൊടുത്ത താലി ചാര്‍ത്തിയാണ് കെആര്‍ ഗൗരിയമ്മയും ടിവി തോമസും ദാമ്ബത്യം ആരംഭിക്കുന്നത്. വൈകീട്ട് പൊതുജനങ്ങള്‍ക്ക് നവദമ്ബതികള്‍ വക വിരുന്നുമൊരുക്കിയിരുന്നു.
വഴുതക്കാട്ടെ വിമന്‍സ് കോളെജിന് എതിര്‍വശമുള്ള രണ്ട് മന്ത്രി മന്ദിരങ്ങളുടെ ഇടനാഴികകള്‍ക്ക് ഇപ്പോഴും ആ തീവ്രപ്രണയത്തിന്റെ വിപ്ലവ ഓര്‍മ്മകള്‍ പറയാനുണ്ടാകും. മന്ത്രി മന്ദിരങ്ങള്‍ക്കിടയിലെ മതിലില്‍ വിവാഹത്തിനുശേഷം ഗേറ്റ് വന്നു. ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം തന്നെ ദാമ്ബത്യജീവിതത്തിലും ഇരുവരും പ്രാധാന്യം നല്‍കിയിരുന്നു.
”എന്റെ വസതിയായ സാനഡുവിലായിരുന്നു ഞങ്ങളുടെ വിവാഹം. പാര്‍ട്ടി തീരുമാനം അനുസരിച്ചുള്ള വിവാഹത്തിനു താലി എടുത്തു നല്‍കിയതു മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങള്‍ക്കായി വൈകിട്ടു വിവാഹ സല്‍ക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം റജിസ്റ്റര്‍ ചെയ്തു. അമ്മയും സഹോദരങ്ങളും എന്റെ വീട്ടില്‍ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടില്‍ നിന്ന് ആരും പങ്കെടുത്തില്ല,” വിവാഹത്തെക്കുറിച്ച്‌ ഗൗരിയമ്മയുടെ വാക്കുകളാണിത്.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ചേരിയിലായെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് ചാത്തനാട്ടെ വീട്ടില്‍ ഒന്നിച്ചു താമസിച്ചു. വീട്ടില്‍ പാര്‍ട്ടിക്കാര്‍ ആരും വരരുതെന്നും ടി വിക്ക് പ്രവര്‍ത്തനം വീടിനു പുറത്തു നടത്താമെന്നും തീരുമാനിച്ചു. ജീവിതം ഏറെക്കാലത്തിനു ശേഷം ശാന്തമായ പോലെ അക്കാലത്ത് ടി.വി. തിനിക്ക് ഒരു കശ്‌മീരി പട്ടുസാരി വാങ്ങിത്തന്നു. ജീവിതത്തില്‍ ആദ്യമായി തരുന്ന സാരിയാണ് അതെന്നും. അതു താന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും ഗൗരിയമ്മ ഒരിക്കല്‍ പറഞ്ഞിരുന്നു.
ആശയപരമായി വേര്‍പിരിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നതായി പലപ്പോഴും ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. ടിവി തോമസിന്റെ അവസാന നാളുകളില്‍ പാര്‍ട്ടി അനുമതിയോടെ അദ്ദേഹത്തോടൊപ്പമായിരിക്കാന്‍ ഗൗരിയമ്മ സമയം കണ്ടെത്തി. അര്‍ബുദ ബാധിതനായി അപ്പോളോയില്‍ ചികിത്സയിലായിരുന്ന അവസാന നാളുകളില്‍ അടക്കം ടിവി തോമസിന് കൂട്ടായി ഗൗരിയമ്മ ഉണ്ടായിരുന്നു. രണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയില്‍ ടി.വിയെ പരിചരിച്ചു.
പിരിയാന്‍ നേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ ഓര്‍ക്കുന്നു. പിന്നീട് കാണാനായില്ല. 1977 മാര്‍ച്ച്‌ 26ന് ടി.വി മരിച്ചു. തിരുവനന്തപുരത്ത് മൃതദേഹം കാണാന്‍ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന് കണ്ടു. ചാത്തനാട്ടെ വീട്ടില്‍ മൃതദേഹം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുെന്നങ്കിലും നടന്നില്ല എന്നും ഗൗരിയമ്മ പിന്നീട് പറഞ്ഞു.

Related Articles

Back to top button