IndiaKeralaLatest

അഞ്ച് ദിവസം പ്രായമായ കുഞ്ഞുമായി അച്ഛന്‍ ആശുപത്രി വരാന്തയില്‍

“Manju”

സെക്കന്തരാബാദ്: അഞ്ച് ദിവസം പ്രായമുളള തന്റെ മകളുമൊത്ത് 20 വയസുകാരന്‍ കൃഷ്ണ ആശുപത്രി വരാന്തയില്‍ ഇരിക്കുകയാണ്. കുഞ്ഞിന്റെ അമ്മ ആശയെ കാത്താണ് കൃഷ്ണയുടെ ഈ ഇരുപ്പ്. പ്രസവത്തോടനുബന്ധിച്ച്‌ കൊവിഡ് സ്ഥിരീകരിച്ചതാണ് കുഞ്ഞിന്റെ അമ്മ ആശയ്ക്ക്. കൊവിഡ് വാര്‍ഡില്‍ നിന്നും രോഗമുക്തി നേടി ഭാര്യ വരുന്നതും കാത്ത് തന്റെ മകളുമൊത്ത് കൃഷ്ണ ദിവസവും ആശുപത്രിയിലെ വരാന്തയില്‍ ക്ഷമയോടെ കാത്തിരുന്നു.
തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഗാന്ധി ആശുപത്രിയുടെ വരാന്തയിലാണ് കൃഷ്ണ കാത്തിരിക്കുന്നത്. കുറച്ച്‌ നേരം കുഞ്ഞിനടുത്ത് ഇരുന്നശേഷം ആശയെ ചികിത്സിയ്ക്കുന്ന വാര്‍ഡിനടുത്ത് ചെന്ന് അവിടെയുളള കാവല്‍ക്കാരോട് ആശയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കും. പിന്നെ തിരികെ വന്നിരിക്കും. ഇതാണ് കൃഷ്ണയുടെ പതിവ്. പകല്‍ കൃഷ്ണയുടെ അമ്മ അല്‍പനേരം സഹായത്തിനെത്തും.
ജനിച്ചയുടനെ കുഞ്ഞിനെ കൃഷ്ണയെ ഏല്‍പ്പിച്ച ഡോക്ടര്‍മാര്‍ ഭാര്യയ്ക്ക് കൊവിഡ് ആണെന്നറിയിച്ചു. കുഞ്ഞിന് വിശക്കുമ്‌ബോള്‍ പാല്‍പ്പൊടി ചൂടുവെളളത്തില്‍ കലര്‍ത്തി നല്‍കാന്‍ മാത്രമേ കഴിയുന്നുളളു എന്ന വിഷമത്തിലാണ് കൃഷ്ണ. ഹൈദരാബാദില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ സഹീറാബാദിലാണ് കൃഷ്ണയുടെ വീട്. ഇത്ര ദൂരം പോകാന്‍ പണമില്ലാത്തതിനാല്‍ കൃഷ്ണ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ തന്നെ തുടര്‍ന്നു.
കുഞ്ഞിനെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന് ഭയന്ന് അടുത്ത് നിന്നും മാറാതെ കാവലിരുന്നു. കൃഷ്ണയുടെ ദയനീയ സ്ഥിതി മനസിലാക്കിയ ചിലര്‍ പിന്നീട് ഒരു വാഹനം ഏര്‍പ്പെടുത്തി ഇവരെ നാട്ടിലേക്കയച്ചു.

Related Articles

Back to top button